Asianet News MalayalamAsianet News Malayalam

നാളെ നടക്കുന്ന ലൈഫ് കുടുംബ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തല

പദ്ധതി പറ്റിപ്പാണെന്ന് നേരത്തെ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് ഭയം മൂത്ത് ഭ്രാന്ത് പിടിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് തിരിച്ചടിക്കുകയും ചെയ്തു

UDF to boycott LIFE project family meet
Author
Thrissur, First Published Feb 28, 2020, 3:07 PM IST

തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കാനിരിക്കെ, പരിപാടിയില്‍ യുഡിഎഫ് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി പറ്റിപ്പാണെന്ന് നേരത്തെ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് ഭയം മൂത്ത് ഭ്രാന്ത് പിടിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് തിരിച്ചടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരിപാടി ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം.


പദ്ധതിയെ ചൊല്ലി ഭരണ പ്രതിപക്ഷ പോര് രൂക്ഷമായി. 2001 മുതല്‍ 2016 വരെ വിവിധ സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും നിര്‍മ്മാണം തീരാതിരുന്ന വീടുകളാണ് പൂര്‍ത്തിയാക്കിയത്. 670 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചത്. ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തികരിക്കേണ്ടിയിരുന്ന വീടുകളില്‍ 96 ശതമാനവും തയ്യാറായി. ഭൂമിയുള്ള ഭവനരഹിതരില്‍ തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടവരുടെ 80 ശതമാനം വീടുകളും പൂര്‍ത്തിയായി. എന്നാല്‍, സര്‍ക്കാരിന്‍റെ അവകാശ വാദം കളവാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം. 

ഒന്നര ലക്ഷത്തോളം വീടുകളുടെ പണി ഈ സര്‍ക്കാരിന്‍റെ കാലത്തിന് മുമ്പ് തുടങ്ങിയതാണ്. അത് പൂര്‍ത്തീകരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് നാല് ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഈ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് അതിന്‍റെ പകുതി വീടുകള്‍ പോലും നിര്‍മ്മിച്ചു നല്‍കിയില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, ധനമന്ത്രി തോമസ് ഐസക് ആരോപണങ്ങളെല്ലാം തള്ളി.

രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചത് ആഘോഷമാക്കാനാണ് സര്‍ക്കാരിന്‍റെ പരിപാടി. എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തില്‍ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന തല ഉദ്ഘാടനം നാളെ വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം കാവുവിള ചന്ദ്രന്‍റെ ഗൃഹപ്രവേശന ചടങ്ങിലും നാളെ രാവിലെ മുഖ്യമന്ത്രി പങ്കെടുക്കും.

Follow Us:
Download App:
  • android
  • ios