സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കേരളത്തിലെ യുഡിഎഫ്  നേതാക്കള്‍ അവഹേളനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തിരുവനന്തപുരം: രാജ്യം ഒന്നാകെ കൊവിഡ് 19 മഹാമാരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഒന്നിച്ചു നീങ്ങുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് നേതാക്കള്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രോഗ പ്രതിരോധത്തിന് സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളെ ജനങ്ങളാകെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയ തിമിരം ബാധിച്ച് എന്തിനെയും ഏതിനെയും എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവും ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കലും ലോക്ക് ഡൗണും എല്ലാം രാജ്യമാകെ ഏറ്റെടുക്കുകയുണ്ടായി. ഞായറാഴ്ച രാത്രി 9 മണിക്ക് ദീപം തെളിയിക്കണമെന്ന ആഹ്വാനവും ജനങ്ങള്‍ ഏറ്റെടുക്കുക തന്നെ ചെയ്യും.

ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനും രാജ്യമൊറ്റക്കെട്ടാണെന്ന ബോധം ഉറപ്പാക്കാനുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ അവഹേളനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പൊതു താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണവര്‍ സ്വീകരിക്കുന്നത്.

ഈ നിലപാട് അവര്‍ തിരുത്തിയില്ലങ്കില്‍ ജനങ്ങളില്‍ നിന്ന് ഇപ്പോള്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ അവര്‍ ഒറ്റപ്പെടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാവരും ഞായറാഴ്ച രാത്രി 9 മണിക്ക് ദീപങ്ങള്‍ തെളിച്ച് രോഗ വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും സുരേന്ദ്രന്‍ ആഹ്വാനം ചെയ്തു.