യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഉപരിപ്ലവമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കണമെന്നും ഇതുസംബന്ധിച്ച് സിപിഎമ്മുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: യു ഡി എഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം തികച്ചും ഉപരിപ്ലവമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. നയപ്രഖ്യാപനത്തിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളൊന്നുമില്ലെന്നും വരാനിരിക്കുന്ന ബജറ്റിൽ എന്തെങ്കിലുമൊക്കെ പറയാം എന്ന് കരുതിയാകാം ഗവർണറെക്കൊണ്ട് ഇത്തരം ഒരു പ്രസംഗം വായിപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം കെ എസ് ആർ ടി സിയിൽ സ്ത്രീകളുടെ യാത്രാ സൗജന്യ പ്രഖ്യാപനം നല്ല കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം ഭൂപരിഷ്കരണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരം രംഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി വി ഡി സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടന്നതെന്ന സി പി എം ആരോപണത്തോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് കിട്ടണം

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് ലഭിച്ചേ തീരൂ എന്ന് ബിനോയ് വിശ്വം ഉറപ്പിച്ചു പറഞ്ഞു. പദവി സംബന്ധിച്ച് സി പി എമ്മുമായി ചർച്ചകൾ തുടരുകയാണ്. ഇതിൽ ഇതുവരെ തീരുമാനമാകാത്തതിന് പിന്നിൽ രാഷ്ട്രീയവും സാങ്കേതികവുമായ കാരണങ്ങളുണ്ടെന്നും എന്നാൽ ഇടതുമുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ തർക്കങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി എന്ന് പ്രഖ്യാപിക്കും എന്നതിന് പ്രത്യേക മുഹൂർത്തമൊന്നും കുറിച്ചിട്ടില്ലെന്നും ചർച്ചകളിലൂടെ വിഷയം ഉടൻ പരിഹരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം