സ്വർണാഭരണങ്ങളില്ലാതെ മകളുടെ വിവാഹം നടത്തി സി സദാനന്ദൻ എംപിയുടെ മാതൃക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം സ്വീകരിച്ചാണ് എംപി വേറിട്ട മാതൃക തീർത്തത്. ഫാൻസി ആഭരണങ്ങൾ മാത്രമണിഞ്ഞാണ് മകൾ കതിർമണ്ഡപത്തിൽ എത്തിയതെന്ന് എംപി.
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം സ്വീകരിച്ചു സ്വർണാഭരണങ്ങളില്ലാതെ മകളുടെ വിവാഹം നടത്തി സി സദാനന്ദൻ എംപി. സ്വർണത്തിന് പകരം ഫാൻസി ആഭരണങ്ങൾ മാത്രമണിഞ്ഞാണ് മകൾ കതിർമണ്ഡപത്തിൽ എത്തിയതെന്നും പ്രധാനമന്ത്രിയുടെ ഉപദേശം പൂർണമായും പാലിച്ചുവെന്നും സി സദാനന്ദൻ എംപി അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് എംപി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
"പൊന്നണിഞ്ഞില്ല.... പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചു. മോളുടെ വിവാഹം സമംഗളം ഗുരുവായൂർ നടയിൽ ഇന്നലെ നടന്നു. ഒരുപാടുപേർ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും മംഗളാശംസകൾ നേർന്നു. എല്ലാവർക്കും ഹൃദയപൂർവം നന്ദി. അഭിമാനത്തോടെ ഒരു കാര്യം സൂചിപ്പിക്കട്ടെ. നാടു നേരിടുന്ന വലിയ വെല്ലുവിളി മറികടക്കാൻ ഏഴുപായങ്ങൾ ആരാധ്യനായ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. അതിലൊന്നാണ് വിവാഹം സ്വർണാഭരണങ്ങളില്ലാതെ നടത്തണമെന്നത്.
ആദരപൂർവം മോളതു സ്വീകരിച്ചു. ശ്രീകാന്ത് പ്രത്യേകം താല്പര്യമെടുത്തു. നമുക്കങ്ങനെ മതിയെന്ന് രണ്ടു പേരും തീരുമാനിച്ചു. കുടുംബാംഗങ്ങൾ പിന്തുണയേകി. ഫാൻസി ആഭരണങ്ങൾ മാത്രമണിഞ്ഞ് അവൾ കതിർ മണ്ഡപത്തിലെത്തി. മോദിജിയുടെ ഉപദേശം പൂർണമായും പാലിച്ചു. ഏറെ ചാരിതാർത്ഥ്യം.... ആരെങ്കിലും ഒരാളെങ്കിലും, എന്നാൽ ഞാനുമങ്ങനെ എന്നു തീരുമാനിച്ചാൽ കൃതാർത്ഥനായി".
ഗുരുവായൂർ ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ദിവസമായിരുന്നു സി സദാനന്ദൻ എംപിയുടെ മകൾ യമുനാ ഭാരതി വിവാഹിതയായത്. മാധ്യമപ്രവർത്തകനായ ശ്രീകാന്ത് എസ് പിള്ളയാണ് വരൻ.


