കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച തോമസ് ചാഴികാടൻ പിന്നീട് പാര്‍ട്ടി മുന്നണി മാറിയതോടെ ഇതുപക്ഷത്ത് എത്തിയിരുന്നു

കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രവർത്തകർ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളയടിച്ച കേരള കോൺഗ്രസ് മാണി വിഭാഗം പ്രവര്‍ത്തകര്‍ പ്രചാരണ വാചകം എഴുതി. ഏറ്റുമാനൂർ തെള്ളകത്തെ ചുവരിലാണ് പ്രചാരണ വാചകം എഴുതിയത്. 

തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലിലാണ് ജോസഫ് ഗ്രൂപ്പുകാർ വെള്ളയടിച്ചത്. ഇന്ന് രാവിലെ മാത്രമാണ് മാണി വിഭാഗം പ്രവര്‍ത്തകര്‍ ഇക്കാര്യം മനസിലാക്കിയത്. ഇതോടെ ജോസഫ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ വെള്ളയടിച്ച മതിലിൽ മാണി ഗ്രൂപ്പുകാർ ചുവരെഴുതുകയായിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കേരള കോൺഗ്രസ് എം എന്ന പാര്‍ട്ടിയുടെ ഭാഗമായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗവും. ഇവരുടെ സ്ഥാനാര്‍ത്ഥിയായിരുന്നു തോമസ് ചാഴികാടൻ. എന്നാൽ കെഎം മാണിയുടെ നിര്യാണത്തിന് ശേഷം പാര്‍ട്ടി വീണ്ടും പിളര്‍ന്നതോടെ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എം എൽഡിഎഫിൽ ചേര്‍ന്നിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുഡിഎഫിൽ തുടര്‍ന്നു. ഇത്തവണ ഇരു പാര്‍ട്ടികളും കോട്ടയത്ത് നേര്‍ക്കുനേര്‍ മത്സരിക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞിരിക്കെയാണ് ചുവരിന്റെ പേരിൽ ആദ്യ തര്‍ക്കം ഉടലെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്