കണ്ണൂർ: ഇടതുകോട്ടയായ കണ്ണൂരിൽ കോർപ്പറേഷൻ ഭരണം യുഡിഎഫിന് സ്വന്തം. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കോർപ്പറേഷനിൽ ഇത്തവണ വ്യക്തമായ ലീഡോടെയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എൽഡിഎഫ് ആധിപത്യമാണെങ്കിലും കോർപ്പറേഷൻ യുഡിഎഫിന് ഒപ്പം നിന്നു. 55 അംഗ നഗരസഭയിൽ 34 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ 19 ഇടത്ത് മാത്രമേ എൽഡിഎഫിന് നേട്ടമുണ്ടാക്കാൻ സാധിച്ചുള്ളൂ. ഒരിടത്ത് എൻഡിഎയും ഒരു സ്വതന്ത്രനും വിജയിച്ചു.

മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാനപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികളായ മാർട്ടിൻ ജോർജ്, പികെ രാഗേഷ്, പിഒ മോഹനൻ എന്നിവർ വിജയിച്ച് കയറി. കണ്ണൂർ ജില്ലയിൽ യുഡിഎഫിന് പരിക്കില്ലെന്നും കോർപ്പറേഷനും നഷ്ടപ്പെട്ട ചില പഞ്ചായത്തുകളും തിരിച്ച് പിടിക്കാനായെന്ന് കെ സുധാകരൻ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. 

കണ്ണൂർ കോർപ്പറേഷനിൽ ബിജെപിക്ക് ആദ്യമായി അക്കൊണ്ട് തുറക്കാനും മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞെന്നത് ശ്രദ്ധേയമാണ്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പളളിക്കുന്ന് ഡിവിഷനിലാണ് എൻഡിഎ സ്ഥാനാർത്ഥി ജയിച്ചു കയറിയത്.

കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും 27 സീറ്റുകൾ വീതമാണ് നേടിയിരുന്നത്. അന്ന് മത്സരിച്ച് വിജയിച്ച് നിർണായക സാന്നിധ്യമായി തീർന്ന കോൺഗ്രസ് വിമതൻ പി കെ രാഗേഷ് എൽഡിഎഫിന് പിന്തുണ നൽകിയതോടെ ഭരണം ഇടതിനൊപ്പം നിന്നു. എന്നാൽ ഭരണം മാറാൻ ഒരു വർഷം മാത്രം ശേഷിക്കേ, മേയർ ഇ പി ലതയ്ക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ കോർപ്പറേഷൻ എൽഡിഎഫിന് നഷ്ടമാവുകയായിരുന്നു. എന്നാൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലേറുന്നത്.