മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തോതിൽ സംഘ‍ര്‍ഷം നടന്ന മംഗളൂരു സന്ദര്‍ശിക്കാനുള്ള യുഡിഎഫ് ജനപ്രതിനിധി സംഘത്തിന്‍റെ തീരുമാനം മാറ്റിവച്ചു. രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തിൽ സമരം നടക്കുമ്പോൾ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നാണ് സന്ദർശനം മാറ്റിവച്ചത്. എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, കെ.സുധാകരൻ, എംഎൽഎമാരായ എം സി ഖമറുദ്ദീൻ, എൻ എ നെല്ലിക്കുന്ന്, പാറക്കൽ അബ്ദുള്ള, ഷംസുദ്ദീൻ എന്നിവരുൾപ്പെടുന്ന സംഘമാണ് നാളെ മംഗളൂരു സന്ദര്‍ശിക്കാനിരുന്നത്. 

പ്രതിഷേധത്തിനിടെ രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവ‍ര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു യുഡിഎഫ് സംഘം സന്ദ‍ര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. പൗരത്വ  നിയമ ഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ നാളെ രാജ്ഘട്ടില്‍ പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു.