100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരം:  ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. യുദ്ധക്കപ്പലില്‍ നിന്ന് പരിശീലനത്തിനായി പുറപ്പെട്ട വിമാനത്തില്‍ ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് എമര്‍ജിന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്. ഇന്നലെ ഇന്നലെ രാത്രി 9.30 നായിരുന്നു അടിയന്തര ലാൻഡിംഗ്. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ബ്രീട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി വിമാനം വിമാനത്താവളത്തില്‍ ഇറക്കിയത്.

അപൂര്‍വനിമിഷങ്ങള്‍ക്കാണ് തിരുവനന്തപുരം വിമാനത്താവളം ഇന്നലെ സാക്ഷ്യം വഹിച്ചത്. സമുദ്രത്തീരത്ത് നിന്നും 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ട വിമാനവേധ കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്നും പറന്നുയര്‍ന്നതാണ് ബ്രീട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി വിമാനം. പരിശീലന പറക്കലായിരുന്നതിനാല്‍ ഒരു പൈലറ്റ് മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം തിരികെ മടങ്ങവേ കാലാവസ്ഥ പ്രതികൂലമായി. പ്രക്ഷുഭ്ധമായ കാലാവസ്ഥയില്‍ തിരികെ കപ്പലില്ലേക്ക് ഇറങ്ങാന് കഴിയാത്ത അവസ്ഥയായി. ഇതിനിടിയില്‍ ഇന്ധനം കുറയുകയും ചെയ്തോടെ അടിയന്തിരമായി ലാന്‍ഡ് ചെയ്യേണ്ട അവസ്ഥയെത്തി. അങ്ങനെയാണ് ഏറ്റവും അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടത്.

ഇതോടെ അടിയന്തിര ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ ഒരുക്കി. ബ്രിട്ടീഷ് വിമാനത്തിന്‍റെ സുരക്ഷാ അകമ്പടിക്കായി ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളെയും നിയോഗിച്ചു. ഒടുവില്‍ രാത്രി ഒമ്പതരക്ക് ആഭ്യന്തര ടെര്‍മിനലില്‍ സുരക്ഷിത ലാന്‍ഡിംഗ്. പ്രതിരോധ, ഇമിഗ്രേഷന് വകുപ്പുകളുടെ അനുമതിയോടെ വിമാനത്തില്‍ ഇന്ധനം നിറക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയും കഴിഞ്ഞ ശേഷമേ വിമാനം തിരികെ പോകൂ. അ‌ഞ്ചാം തലമുറ യുദ്ധവിമാനങ്ങളില്‍പ്പെട്ട F 35 ബി ഏത് പ്രതികൂല സാഹചര്യത്തിലും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കെൽപ്പുള്ളതാണ്.

YouTube video player