Asianet News MalayalamAsianet News Malayalam

ചെലവ് ഒന്നേകാൽ കോടി; യൂണിയൻ അധ്യക്ഷൻമാർ വിദേശത്തേക്ക്; യൂണി. കോളേജ് ചെയർമാനില്ല

ധൂർത്തെന്ന് പറഞ്ഞ് പ്രതിപക്ഷം നീക്കത്തെ എതിർത്തെങ്കിലും പിന്മാറില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീൽ വ്യക്തമാക്കിയിരുന്നു.

UK visit of kerala college union chairmen
Author
Thiruvananthapuram, First Published Feb 18, 2020, 9:00 AM IST

തിരുവനന്തപുരം: എതിർപ്പുകൾ തള്ളി കോളേജ് യൂണിയൻ ചെയർമാൻമാരുടെ യുകെ പരിശീലനവുമായി സർക്കാർ മുന്നോട്ട്. യാത്രക്കായി തെരഞ്ഞെടുക്കപ്പെട്ട 59 സർക്കാർ കോളേജ് ചെയർമാൻമാരുടെ പട്ടിക പുറത്തിറക്കി. രണ്ട് സംഘമായി അടുത്തമാസമാണ് ഒന്നേകാൽ കോടി ചെലവിട്ടുള്ള യാത്രയും പരിശീലനവും.

സാമ്പത്തിക പ്രതിസന്ധിക്കിടെ കോളേജ് യൂണിയൻ ചെയർമാന്മാരെ കാർഡിഫ് സർവ്വകലാശാലയിൽ സർക്കാർ ചെലവിൽ പരിശീലനത്തിന് അയക്കാനുള്ള തീരുമാനം ഏഷ്യാനെറ്റ് ന്യൂസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ധൂർത്തെന്ന് പറഞ്ഞ് പ്രതിപക്ഷം നീക്കത്തെ എതിർത്തെങ്കിലും പിന്മാറില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീൽ വ്യക്തമാക്കിയിരുന്നു. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻമാരുടെ പട്ടിക ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ആകെയുള്ള 66 സർക്കാർ കോളേജുകളിൽ നിന്നും 54 കോളേജുകളിലെ ചെയർമാൻമാരെ തെരഞ്ഞെടുത്തു. ഒപ്പം കണ്ണൂർ, എംജി, കുസാറ്റിലെ ലീഗൽ സ്റ്റഡീസ്, നിയമസർവ്വകലാശാല, മലയാള സർവ്വകലാശാല ചെയർമാൻമാരും. മാർച്ച് രണ്ട് മുതൽ 6 വരെ 30 പേരടങ്ങുന്ന സംഘവും 23 മുതൽ 27 വരെ രണ്ടാം സംഘവും ബ്രിട്ടനിലേക്ക് പറക്കും.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പിൽ സെക്രട്ടറി ഉഷാ ടൈറ്റസാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും തെരഞ്ഞെടുത്ത് കോളേജിലെ അധ്യാപകരും അടക്കം ആകെ എണ്ണം 65. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ പട്ടികയിൽ ഇല്ല. കൃത്യസമയത്ത് അപേക്ഷിക്കാത്തത് കൊണ്ടാണോ കേസ് ഉള്ളത് കൊണ്ടാണോ എന്ന് വ്യക്തമല്ല. കോളേജ് വിദ്യാഭ്യാസവകുപ്പിൻറെ ഫ്ലെയർ എന്ന പരിശീനത്തിൻറെ ഭാഗമായാണ് യാത്ര.

Follow Us:
Download App:
  • android
  • ios