തൃശ്ശൂ‍ർ: ധ‍‍ര്‍മരാജനുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബു. ധ‍ര്‍മരാജനുമായി താൻ ഫോണിൽ ബന്ധപ്പെട്ടിടില്ലെന്നും ഇപ്പോൾ നടക്കുന്നത് ബിജെപി വേട്ടയാണെന്നും ഉല്ലാസ് ബാബു പറഞ്ഞു. കൊടകര കള്ളപ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണസംഘം ഉല്ലാസ് ബാബുവിൻ്റെ മൊഴിയെടുത്തിരുന്നു. എന്നാൽ താനൊരു ബിസിനസുകാരനാണെന്നും വിവരശേഖരണത്തിൻ്റെ ഭാഗമായാണ് പൊലീസ് വിളിപ്പിച്ചതെന്നും ഉല്ലാസ് ബാബു പറയുന്നു. 

അതേസമയം ബിജെപി നേതാക്കളെ കള്ളക്കേസ് ചുമത്തി സംസ്ഥാന സർക്കാർ വേട്ടയാടുന്നെന്ന് ആരോപിച്ച് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന് നടന്നു. തൃശ്ശൂർ പൊലീസ് ക്ലബ്ബിന് മുന്നിൽ നടന്ന പ്രതിഷേധ ജ്വാല സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ വേട്ടയാടുന്നത് സ‍ർക്കാർ താൽപര്യപ്രകാരമാണെന്ന് ആരോപിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. കൊടകര കവർച്ച കേസുകളിലടക്കം പിണറായി സർക്കാർ രാഷ്ട്രീയ വൈരം തീർക്കാൻ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് തൃശ്ശൂരിൽ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കെ സുരേന്ദ്രൻ ആരോപിച്ചു