'സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്'; ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോയെന്ന് ഉമ തോമസ്
സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ വിനായകൻ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയിൽ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്നും ഉമ തോമസ് വിമര്‍ശിച്ചു. ജാമ്യമില്ലാത്ത വകുപ്പിട്ട് കേസെടുക്കേണ്ട സംഭവമായിരുന്നു നടന്നത്. പാർട്ടി ബന്ധമുണ്ടെങ്കിൽ പൊലീസിടപെടൽ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നല്‍കിയതെന്നും എംഎല്‍എ വിമര്‍ശിച്ചു. ഇന്നലെ, പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിനും അസഭ്യം പറഞ്ഞതിനും അറസ്റ്റ് ചെയ്ത നടന്‍ വിനായകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിനെതിരെയായിരുന്നു ഉമ തോമസിന്റെ വിമര്‍ശനം.
Also Read : മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ച കേസ്; നടന്‍ വിനായകനെ ജാമ്യത്തില്‍ വിട്ടു
ഇന്നലെ വൈകീട്ട് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് വിനായകന്‍ ബഹളമുണ്ടാക്കിയത്. മദ്യലഹരിയിലായിരുന്നു നടന്‍റെ പെരുമാറ്റമെന്നും പൊലീസ് അറിയിച്ചു. കുടുംബത്തര്‍ക്കം പരിഹരിക്കാന്‍ വിനായകന്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പൊലീസുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വനിതാ പൊലീസടക്കം വീട്ടിലെത്തിയ നാല് പേരോടും നടന്‍ മോശമായി പെരുമാറി. അതിന്‍റെ തുടര്‍ച്ചയായാണ് വൈകിട്ട് ഏഴ് മണിയോടെവിനായകന്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷന്‍ മുറ്റത്തുവച്ച് പുക വലിച്ച വിനായകന് പൊലീസ് പിഴയൊടുക്കി. പിന്നാലെയാണ് സ്റ്റേഷനകത്ത് കയറി ബഹളം തുടങ്ങിയത്.