തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് യുഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ഉമാ തോമസ്

തൃക്കാക്കര: ഹൈക്കമാൻഡിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് യുഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ഉമാ തോമസ് (Uma thomas Started Campaign in Thrikkakara). ഉമയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഉമ സ്ഥാനാ‍ര്‍ത്ഥിത്വം നൽകിയ പാര്‍ട്ടി നേതൃത്വത്തിന് നന്ദി അറിയിച്ചു. തൃക്കാക്കരയ്ക്ക് വേണ്ടി പിടിക്ക് പൂര്‍ത്തിയാക്കാൻ സാധിക്കാത്ത പോയ കാര്യങ്ങൾ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്നും എല്ലാവരുടേയും പിന്തുണയോടെ ആ ഉത്തരവാദിത്തം നിറവേറ്റാൻ പ്രയത്നിക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഉമ കോണ്‍ഗ്രസ് നേതാക്കളുടെ വിളി വന്നതോടെ നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. വൈകാതെ സ്ഥാനാ‍ര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടു ദില്ലിയിൽ നിന്നും പ്രഖ്യാപനമെത്തി. നേരെ മാധ്യമങ്ങൾക്ക് മുന്നിലെത്തി പ്രചാരണം തുടങ്ങിയതായി പറഞ്ഞ ഉമ അയൽവാസികളെ കണ്ട് വോട്ടു തേടി കൊണ്ട് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിൽ സ്ഥാനാ‍ർത്ഥിയെ നിശ്ചയിച്ച് പ്രചാരണത്തിന് തുടക്കമിടാൻ സാധിച്ചതോടെ തൃക്കാക്കരയിൽ ആദ്യചുവട് വയ്ക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. 


ഉമ തോമസിൻ്റെ വാക്കുകൾ -
 പി.ടിയുടെ വിയോഗത്തെ തുടര്‍ന്ന് തൃക്കാക്കരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ച കോണ്‍ഗ്രസ് ഹൈക്കമാൻഡിനോടും ഐക്യജനാധിപത്യമുന്നണിയോടും നന്ദി രേഖപ്പെടുത്തുന്നു. പിടി ഇങ്ങനെ നിലപാടുകളുടെ രാജകുമാരനായി പ്രവ‍ര്‍ത്തിച്ചോ അതേ പോലെ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാൻ സാധിക്കാത്ത പോയ ദൗത്യങ്ങൾ പൂ‍ര്‍ത്തീകരിക്കാൻ വേണ്ടി ഞാൻ പ്രയത്നിക്കും അതിനായി നിങ്ങളുടെ എല്ലാവരുടേയും പിന്തുണയെനിക്ക് വേണം. സ്ഥാനാ‍ര്‍ത്ഥിത്വം ഏറ്റെടുക്കുന്നതിൽ എനിക്ക് അധികം ആലോചിക്കേണ്ടി വന്നിട്ടില്ല. പിടി എന്നും പാര്‍ട്ടിയോട് അനുസരണ കാട്ടിയ നേതാവാണ്. എൻ്റെ കുടുംബവും പാര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കാൻ ബാധ്യസ്ഥരാണ്.

പി.ടിയുടെ വിയോഗത്തിന് ശേഷം എൻ്റെ കുടുംബത്തെ മുന്നോട്ട് നയിച്ചത് ബന്ധുക്കളും കോണ്‍ഗ്രസ് പ്രസ്ഥാനവുമാണ്. അതിൻ്റെ നന്ദി എനിക്കും എൻ്റെ കുട്ടികൾക്കും എന്നുമുണ്ടാവും. ജനാധിപത്യ രീതിയിലുള്ള മത്സരം ആണ്. എതിര്‍സ്ഥാനാര്‍ത്ഥിയായി എൽഡിഎഫിൽ നിന്നും ആര് മത്സരത്തിനായി വന്നാലും ശക്തമായി മത്സരിക്കും.

സിൽവര്‍ ലൈൻ വിഷയം അടക്കമുള്ള കാര്യങ്ങൾ തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ ച‍ര്‍ച്ചയാവും. പാവപ്പെട്ടവരുടെ കിടപ്പാടം പോകുന്ന അവസ്ഥയ്ക്കെതിരെ തൃക്കാക്കരയിൽ ജനവിധിയുണ്ടാവും. ഡൊമനിക് പ്രസൻ്റേഷനോ കെ.വി.തോമസ് മാഷോ എനിക്കെതിരെ പ്രവര്‍ത്തിക്കും എന്നു കരുതുന്നില്ല. അവര്‍ക്കാര്‍ക്കും എന്നെ തള്ളിക്കള്ളയാൻ പറ്റില്ല. അവരും പിടിയുമായും അങ്ങനെയൊരു ബന്ധമാണുള്ളത്.