ബാങ്ക് വഴി എൽഡിഎഫിലേക്ക് പോകണ്ടതില്ലെന്ന പ്രസ്താവനയിൽ അപ്പുറത്ത് വിശാലമായ വഴിയുണ്ടാകുമെന്നാവും ഉദ്ദേശിച്ചതെന്നും സാദിഖലി തങ്ങൾ ഉദ്ദേശിച്ചതെന്ന് ഉമർ ഫൈസി മുക്കം

കോഴിക്കോട്: സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ മുന്നണികൾ ഒരുപോലെയെന്ന് സമസ്ത. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നും യുഡിഎഫിൽ ആയാലും എൽഡിഎഫിൽ ആയാലും ഒരുപോലെയാണെന്നും ഉമർ ഫൈസി മുക്കം കോഴിക്കോട് പറഞ്ഞു. യുഡിഎഫും എൽഡിഎഫും ഭരണ സംവിധാനങ്ങളുടെ ഭാഗമാണ്. എന്നുവച്ച് കമ്യൂണിസ്റ്റുകളെ അംഗീകരിക്കുന്നുവെന്ന് അതിന് അർത്ഥമില്ല. കമ്യൂണിസം മതനിരാസമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് ക്ഷണം കിട്ടിയിട്ടുണ്ടെന്നും സമസ്തയും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസ്സിലേക്കും ക്ഷണമുണ്ടെന്നും അതിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബാങ്ക് വഴി എൽഡിഎഫിലേക്ക് പോകണ്ടതില്ലെന്ന സാദിഖലി തങ്ങളുടെ പരാമർശത്തെ ഉമർ ഫൈസി മുക്കം പരിഹസിച്ചു. അപ്പുറത്ത് വിശാലമായ വഴിയുണ്ടാകുമെന്നാവും ഉദ്ദേശിച്ചതെന്നും തങ്ങളുടെ പരാമർശത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. 

മുന്നണി മാറ്റ അഭ്യൂഹങ്ങൾ നിഷേധിച്ച മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഒരിഞ്ചുപോലും മുസ്ലിം ലീഗ് മാറി നടക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. മുന്നണിയെ ശക്തിപ്പെടുത്തുമെന്നും മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കണമെന്നും മുസ്ലിം ലീഗ് വയനാട് ജില്ലാ കൗൺസിൽ സംഘടിപ്പിച്ച തളിര് പഠന ക്യാമ്പിൽ അദ്ദേഹം പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും വേദിയിലിരിക്കെയായിരുന്നു സാദിഖലി തങ്ങളുടെ പ്രസ്താവന. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്