ഹോട്ടലിൽ എത്തിയ പൊലീസ് റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷമാണ് എംഎൽഎ താമസിക്കുന്ന റൂമിലെത്തിയത്. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ രാഹുൽ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നെ വഴങ്ങി.
പാലക്കാട്: ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ പ്ലാനോടെ. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുമടക്കം എട്ടംഗ സംഘമാണ് രാത്രി 12.30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു രാഹുലിന്‍റെ താമസം. രാഹുൽ എത്തിയ ഇന്നലെ മുതൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെയാണ് 2 ജീപ്പുകളിലായി എത്തിയ പൊലീസ് സംഘം ഹോട്ടലിൽ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത്.
ഹോട്ടലിൽ എത്തിയ പൊലീസ് റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷമാണ് എംഎൽഎ താമസിക്കുന്ന റൂമിലെത്തിയത്. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ രാഹുൽ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നെ വഴങ്ങി. വക്കീലിനെ കാണാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് സമ്മതിച്ചില്ല. സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലിൽ കയറി രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് സംഘം എംഎൽഎയെ എവിടേക്കാണ് കൊണ്ടുപോയതെന്നത് വ്യക്തമല്ല. കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് എംഎൽഎയുടെ പിഎ പറയുന്നത്. എന്നാൽ എംഎൽഎയെ ആലത്തൂർ സറ്റേഷനിൽ എത്തിച്ചിട്ടില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.
രാഹുലിനെ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട പൊലീസാണെന്നും പാലക്കാട്ടുനിന്ന് രാഹുലിനെ കൊണ്ടുപോയെന്നുമാണ് സൂചന. രാഹുലിനെതിരെ നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസിൽ ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി എംൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മണ്ഡലത്തിൽ തിരിച്ച് വന്ന് സജീവാകുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പുതിയ കേസ്. ഇ-മെയിൽ വഴി ലഭിച്ച യുവതിയുടെ പരാതിയിൽ ആണ് പുതിയ കേസെന്നാണ് വിവരം. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാത്സംഗവും കുറ്റം ചുമത്തിയിട്ടുണ്ട്.


