ഒരു സുഹൃത്തും സഹപ്രവർത്തകനും മാത്രമല്ല, ആത്മവിശ്വാസം തന്ന നേതാവായിരുന്നു മാണിയെന്നും തങ്ങൾ തമ്മിലുണ്ടായിരുന്നത് വളരെ നീണ്ട കാലത്തെ വ്യക്തി ബന്ധവും പാർട്ടി ബന്ധവുമാണെന്നും ഉമ്മൻ ചാണ്ടി
കൊച്ചി: കെ എം മാണിയുടെ വേർപാട് കേരളത്തിന് ഒരു വലിയ നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരു സുഹൃത്തും സഹപ്രവർത്തകനും മാത്രമല്ല, ആത്മവിശ്വാസം തന്ന നേതാവായിരുന്നു മാണിയെന്നും തങ്ങൾ തമ്മിലുണ്ടായിരുന്നത് വളരെ നീണ്ട കാലത്തെ വ്യക്തി ബന്ധവും പാർട്ടി ബന്ധവുമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കെ എം മാണിയുടെ അന്ത്യം വൈകീട്ട് 4.57നായിരുന്നു. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു.
