യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകയ്ക്ക് ആഗോള പ്രശംസ ലഭിച്ചു. അമേരിക്കയിലെയും യൂറോപ്പിലെയും മാതൃകകളോട് കിടപിടിക്കുന്ന ഈ നേട്ടം, 25 ലക്ഷത്തോളം വീടുകളിലെ ബയോഗ്യാസ്, കമ്പോസ്റ്റിങ് സംവിധാനങ്ങൾ വഴിയാണ് സാധ്യമായത്.
തിരുവനന്തപുരം: ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയിൽ കേരളത്തിന് പ്രശംസ. കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെയാണ് ഐക്യരാഷ്ട്ര സഭ ജിഎഐഎ (Global Alliance for Incinerator Alternatives) ഗ്ലോബൽ കോർഡിനേറ്റർ ക്രിസ്റ്റി കെയ്ത് പ്രകീർത്തിച്ചത്. കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യസംസ്കരണം ലോകത്തിലെ തന്നെ ശ്രദ്ധേയമായ മാതൃകകളിൽ ഒന്നായി യുഎൻ ചൂണ്ടിക്കാട്ടി. അമേരിക്കയിലെയും യൂറോപ്പിലെയും മാതൃകകളോട് കിടപിടിക്കുന്ന ഏഷ്യയിലെ ഉദാഹരണമായാണ് അവർ കേരളത്തെ ചൂണ്ടിക്കാണിക്കുന്നത്. 2000ൽ ഒരിടത്ത് തുടങ്ങിയ സീറോ വേസ്റ്റ് മാലിന്യ സംസ്കരണ രീതി, പിന്നീട് സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ ആകെ വ്യാപിച്ചെന്നും 25 ലക്ഷത്തോളം വീടുകളിൽ ബയോഗ്യാസ്, കമ്പോസ്റ്റിങ് സംവിധാനമുണ്ടെന്നും യുഎൻ ചൂണ്ടിക്കാട്ടി. ഈ രീതി തദ്ദേശ സർക്കാറുകളുടെ ചെലവ് നന്നേ കുറച്ചു. മിക്ക വീടുകളിലും മാലിന്യം സംസ്കരണത്തിന് സംവിധാനമുണ്ട്. അതില്ലാത്തിടത്ത് മാലിന്യം സർക്കാർ ശേഖരിക്കുന്നു. വിജയം സാധ്യമാണെന്നാണ് കേരളം കാണിയ്ക്കുന്നതെന്നും ജിഎഐഎ (Global Alliance for Incinerator Alternatives) ഗ്ലോബൽ കോർഡിനേറ്റർ ക്രിസ്റ്റി കെയ്ത് പറഞ്ഞു. തദ്ദേശ മന്ത്രി എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
മന്ത്രി എംബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഇതാ വീണ്ടും കേരളം ലോകവേദിയിൽ!
ബ്രസീലിലെ ബെലേമിൽ ഈയിടെ അവസാനിച്ച യു എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ (COP 30), GAIA (Global Alliance for Incinerator Alternatives) ഗ്ലോബൽ കോർഡിനേറ്റർ ക്രിസ്റ്റി കെയ്ത്തിന്റെ വാക്കുകൾ കേൾക്കാം. കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യസംസ്ക്കരണത്തിലെ നേട്ടങ്ങൾ ആണ് ലോകത്തിലെ തന്നെ ശ്രദ്ധേയമായ മാതൃകകളിൽ ഒന്നായി അവർ അവതരിപ്പിക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും മാതൃകകളോട് കിടപിടിക്കുന്ന ഏഷ്യയിലെ ഉദാഹരണമായാണ് അവർ കേരളത്തെ ചൂണ്ടിക്കാണിക്കുന്നത്.
