ജനീവ: കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതി ഇന്ന് രാത്രി ചര്‍ച്ച ചെയ്യും. അടച്ചിട്ട മുറിയില്‍ ഇന്ത്യന്‍ സമയം ഏഴരക്കാണ്  ചര്‍ച്ച. ചര്‍ച്ചയുടെ പൂര്‍ണ്ണ വിവരം പുറത്തേക്ക് നല്‍കില്ല. വിശദാംശങ്ങള്‍ ഔദ്യോഗിക രേഖയുമാക്കില്ല. 

ഇന്ത്യ-പാക് പ്രശ്നം അജണ്ടയിലുള്‍പ്പെടുത്തി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചാണ് ചര്‍ച്ച.  കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ നേരത്തെ തന്നെ ചൈന അതൃപ്തി അറിയിച്ചിരുന്നു. 

ഐക്യരാഷ്ട്ര രക്ഷാസമിതി  തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് എങ്ങിനെ ഏകപക്ഷീയ നിലപാട് എടുക്കാനാകുമെന്നാണ് ചൈനയുടെ ചോദ്യം.അതേ സമയം കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി  ചര്‍ച്ചയിലൂടെ പരിഹരിക്കട്ടെയന്നെ നിലപാടിലാണ് യുഎന്‍ രക്ഷാസമിതിയിലെ മറ്റ് സ്ഥിരാഗംങ്ങളായ  ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍. 

കശ്മീര്‍ വിഷയം രക്ഷാസമിതി ചര്‍ച്ച ചെയ്യാനിരിക്കേ ഇന്ത്യ അമേരിക്കയുടെ പിന്തുണ തേടിയിട്ടുണ്ട്.  അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സള്ളിവനുമായി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി.