തിരുവനന്തപുരം: നഴ്സുമാർക്കുവേണ്ടി സമരം ചെയ്ത് തൊഴിലവകാശങ്ങൾ പലതും നേടിയെടുത്ത സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണമാണ് ഉയരുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത് എന്നുമാണ് ആരോപണം. നഴ്സുമാരുടെ മാസവരുമാനത്തിൽ നിന്നും സംഭാവനകളിൽ നിന്നും ശേഖരിച്ച പണം കാണാനില്ലെന്ന് യുഎൻഎ നേതൃത്വത്തിൽ തന്നെ ഉള്ള സിബി മഹേഷ്, ബെൽജോ ഏലിയാസ് തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. വൻ സാമ്പത്തിക അപഹരണം നടന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് അവർ ഈ വിഷയം ചർച്ചയ്ക്കെടുത്തത്.

സംഘടന നിലവിൽ വന്ന 2011 മുതൽ എല്ലാ വർഷവും ജനറൽ കൗൺസിൽ വിളിച്ച് കണക്ക് അവതരിപ്പിക്കാറുണ്ടെന്നും കണക്കുകൾ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്മിൻ ഷായുടെ മറുപടി. 60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടിൽ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിൻ ഷാ പറഞ്ഞു. എന്നാൽ പണം എവിടെ ചെലവഴിച്ചു? ആരെല്ലാം പിൻവലിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്ക് ജാസ്മിൻ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.

പ്രകടമായ അഴിമതിയാണ് ജാസ്മിൻ ഷാ അടക്കമുള്ള യുഎൻഎ നേതൃത്വം നടത്തിയിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. യുഎൻഎയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം ചൂഷണം നേരിടുന്ന നഴ്സിംഗ് സമൂഹത്തിന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. ഒപ്പം ലോകമെങ്ങുമുള്ള മലയാളി നഴ്സിംഗ് സമൂഹം നൽകിയ സംഭാവനയും അതിലുണ്ട്. അതിൽനിന്ന് ഒരു പൈസയെങ്കിലും തട്ടിപ്പ് നടത്തിയെങ്കിൽ സാമ്പത്തികാപഹരണം നടത്തിയവരെ കൈയ്യാമം വയ്ക്കണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു.

കണക്ക് ചോദിച്ചപ്പോൾ താൻ മാസങ്ങൾക്ക് മുമ്പ് വാട്സാപ്പിൽ അയച്ച രാജി സന്ദേശം കാട്ടി കണക്ക് തരാനാകില്ലെന്ന് പറയുകയാണ് ചെയ്തതെന്ന് യുഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ബെൽജോ ഏലിയാസ് പറഞ്ഞു. ഇതിനും കൃത്യമായ വിശദീകരണം ഇല്ലാതെ ജാസ്മിൻ ഷാ ചർച്ചക്കിടെ ഉരുണ്ടുകളിച്ചു. ചോദ്യം ചോദിക്കുന്നവരെ നിശ്ശബ്ദമാക്കുന്നതാണ് രീതിയെങ്കിൽ കേരളത്തിൽ ചെലവാകില്ല എന്നായിരുന്നു ചർച്ച നയിച്ച ഏഷ്യാനെറ്റ് ന്യൂസ് കോഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോണിന്‍റെ പ്രതികരണം.

ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിൽ വാങ്ങിയ കാറിന്‍റെ ലോൺ അടയ്ക്കുന്നത് യുഎൻഎയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചുകൊണ്ടാണെന്നും ചർച്ചയിൽ വെളിപ്പെട്ടു. ഭാര്യ കാർ ഉപയോഗിക്കുന്നില്ല, പണം അടച്ചുതീരുമ്പോൾ കാർ സംഘടനയുടേതായി മാറും, എല്ലാത്തിനും തെളിവ് ഫേസ്ബുക്കിലുണ്ട് എന്നൊക്കെയായിരുന്നു ഇതിന് ജാസ്മിൻ ഷായുടെ ന്യായം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി  ഓഫീസിൽ ഉപയോഗിക്കുന്ന ബൈക്ക് തന്‍റെ ഭാര്യയുടെ പേരിലല്ല വാങ്ങിയത് എന്നായിരുന്നു ചർ‍ച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ പ്രതികരണം.  ഒരു സംഘടനക്കായി വാങ്ങുന്ന മുതലുകൾ അതിന്‍റെ ഭാരവാഹികളുടെ പേരിലാണ് വാങ്ങേണ്ടതെന്നും എ എ റഹീം പറഞ്ഞു.

പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. ഇത്തരം സംഘടനകൾ എല്ലാ സംഘടനകളുടേയും വിശ്വാസ്യത തകർക്കുമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഐഎംഎ പ്രതിനിധി ഡോ. എൻ സുൾഫിയുടെ പ്രതികരണം. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കണക്കുകൾ കൃത്യമാണെന്നും ആവർത്തിച്ചതല്ലാതെ ജാസ്മിൻ ഷായ്ക്ക് മറ്റ് മറുപടികളൊന്നും ചർച്ചയിൽ ഇല്ലായിരുന്നു.

വീഡിയോ കാണാം

"