Asianet News MalayalamAsianet News Malayalam

നെഹ്റു ട്രോഫി വള്ളംകളിയിൽ അനിശ്ചിതത്വം; ബേപ്പൂർ ഫെസ്റ്റിന് 2.45 കോടി അനുവദിച്ചതെങ്ങനെയെന്ന് വള്ളംകളി പ്രേമികൾ

വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരിൽ സംഘാടകർക്കും ക്ലബ്ബുകൾക്കും വലിയ ബാധ്യതയാണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയതെന്നും സംഘാടകർ.

Uncertainty in Nehru Trophy Boat Race How 2.45 Cr allocated for Beypore Fest Organizers ask
Author
First Published Sep 1, 2024, 11:03 AM IST | Last Updated Sep 1, 2024, 11:07 AM IST

ആലപ്പുഴ: വയനാട് ദുരന്തത്തെ തുടർന്ന് മാറ്റി വെച്ച നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു. വള്ളംകളിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും സർക്കാർ സഹായം ലഭിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും വ്യക്തമാക്കിയതായി കേരള ബോട്ട് റേസ് ഫെഡറേഷൻ കോഡിനേഷൻ കമ്മിറ്റി പ്രതികരിച്ചു. നെഹ്റു ട്രോഫിക്ക് പണമില്ലെന്ന് പറയുമ്പോൾ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് സർക്കാർ രണ്ടു കോടി നാൽപ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചത് വിവാദമായി.

ലക്ഷങ്ങൾ ചെലവഴിച്ച് തയ്യാറെടുപ്പ് നടത്തിയ ബോട്ട് ക്ലബ്ബുകൾ നെഹ്‌റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. വള്ളംകളിക്ക് സർക്കാർ സഹായം ലഭിക്കില്ലെന്ന് പറയുമ്പോഴും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് സർക്കാർ തുക അനുവദിക്കുകയും ചെയ്തു.

വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരിൽ സംഘാടകർക്കും ക്ലബ്ബുകൾക്കും വലിയ ബാധ്യത ആണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയതെന്നും സംഘാടകർ പറഞ്ഞു. ടൂറിസം രംഗവും പ്രതിസന്ധിയിലായി. 

നെഹ്റു ട്രോഫി വള്ളംകളിക്ക് മൂന്ന് മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഓരോ ക്ലബും മത്സരത്തിനൊരുങ്ങുന്നത്. 120 ഓളം ആളുകൾ പങ്കെടുക്കുന്ന പരിശീലന ക്യാമ്പുകൾ, തുഴച്ചിൽ കാർക്കുള്ള പ്രത്യേക പരിശീലനം ഭക്ഷണം അങ്ങനെ 80 ലക്ഷത്തോളം രൂപ ഓരോ ക്ലബ്ബുകൾക്കും ചിലവ് വരുന്നുണ്ട്. വള്ളം കളി മാറ്റിവച്ചതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ക്ലബ്ബുകൾ. ഇനി വീണ്ടും മത്സരത്തിന് ഇറങ്ങണമെങ്കിലും എല്ലാം ഒന്നുമുതൽ തുടങ്ങണം. ഇതിനും വലിയ ചിലവ് വഹിക്കണം. വള്ളംകളി എന്നു നടത്തും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് ക്ലബ്ബുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 10ന് നടത്തേണ്ട വള്ളംകളി മാറ്റിവച്ചത്. പിന്നീട് നടത്താമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ നിലപാട് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. നെഹ്റു ട്രോഫി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് എംപിമാരായ കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങും മുൻപ് സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്നാണ് വള്ളംകളി പ്രേമികളുടെ പ്രതീക്ഷ. സംസ്ഥാന സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ സി വേണുഗോപാൽ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു.

'നെഹ്‌റു ട്രോഫി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്, വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും': മന്ത്രി റിയാസ്
 

Latest Videos
Follow Us:
Download App:
  • android
  • ios