വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷയും അപകട ഇൻഷുറൻസും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം: മറുനാടൻ മലയാളികൾക്കായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നീട്ടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഈ വെള്ളിയാഴ്ച കാലാവധി തീരാനിരിക്കെ പദ്ധതി പുതുക്കുന്നതിൽ അറിയിപ്പുകളില്ല. ഇതോടെ ചികിത്സാ ചെലവിൽ പ്രവാസികൾ ആശങ്കയിലായി. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.
വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷയും അപകട ഇൻഷുറൻസും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. 18 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 5 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയുള്ള 7 വ്യത്യസ്ത പരിരക്ഷ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സാ സൗകര്യം ലഭ്യമായിരുന്നു. ആയുർവേദ, യോഗ, നാചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സകൾക്ക് വർഷത്തിൽ 50,000 രൂപ വരെ പരിരക്ഷ ലഭിച്ചിരുന്നു.





