Asianet News MalayalamAsianet News Malayalam

ഗർഭിണിയെ തിരിച്ചെത്തിക്കുന്നതിൽ അനിശ്ചിതത്വം; ചീഫ് സെക്രട്ടറി ഇടപെടണമെന്ന് ജില്ലാ കളക്ടർ

തലശേരി സ്വദേശിനിയായ ഷിജിലയ്ക്കാണ് ദുരനുഭവം നേരിട്ടത്. ഇവരോട് തിരികെ വരാൻ വയനാട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ കളക്ട്രേറ്റിൽ നിന്നും അനുമതി കത്ത് ലഭിക്കുമെന്നാണ് കരുതിയത്

Uncertainty over pregnant women return to kerala Kannur collector Chief secretary
Author
Kannur, First Published Apr 14, 2020, 9:25 AM IST

കൽപ്പറ്റ: കേരളവും കർണ്ണാടകവും കൈയ്യൊഴിഞ്ഞതോടെ ഇന്നലെ രാത്രി പെരുവഴിയിലായ പൂർണ്ണ ഗർഭിണിയെ തിരികെ തലശേരിയിൽ എത്തിക്കുന്നതിൽ അനിശ്ചിതത്വത്തിൽ. ചീഫ് സെക്രട്ടറി തീരുമാനമെടുത്താലേ ഇവരെ അതിർത്തി കടത്തിവിടാനാവൂ എന്നാണ് ജില്ലാ കളക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്.

തലശേരി സ്വദേശിനിയായ ഷിജിലയ്ക്കാണ് ദുരനുഭവം നേരിട്ടത്. ഇവരോട് തിരികെ വരാൻ വയനാട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ കളക്ട്രേറ്റിൽ നിന്നും അനുമതി കത്ത് ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ ചീഫ് സെക്രട്ടറിയുടെ ഇളവ് നൽകാനുള്ള സർക്കുലറിൽ പറയുന്ന പട്ടികയിൽ ഗർഭിണികൾ ഉൾപെട്ടിട്ടില്ലെന്നതാണ് അനുമതി നൽകുന്നതിന് തടസമായത്. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് എന്നും ടി വി സുഭാഷ് പറഞ്ഞു.

ബെംഗളൂരുവിൽ നിന്ന് വയനാട് വഴി നാട്ടിലേക്ക് വന്ന ഒൻപത് മാസം ഗർഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് ഇന്നലെ രാത്രി പെരുവഴിയിൽ കഴിഞ്ഞത്. വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ ആറ് മണിക്കൂർ കാത്തിരുന്നിട്ടും ഇവരെ അതിർത്തി കടത്തിവിട്ടില്ല. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങി. വഴിയിൽ കർണാടക പൊലീസും തടഞ്ഞു. ഇതോടെ ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് റോഡിൽ കാറിൽ കഴിയുകയായിരുന്നു.

അതിർത്തി കടത്താനുള്ള അനുമതി വയനാട് കലക്ടർ മുഖാന്തിരം ശരിയാക്കിയതായി അറിയിച്ചതിനെ തുടർന്നാണ് കേരള അതിർത്തിയിലേക്ക് എത്തിയതെന്ന് ഇവർ  പറയുന്നു. ബെംഗളൂരു കമ്മീഷൻ നൽകിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിൽ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്. 

എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തഹസിൽദാർ ചുമതലയിലുണ്ടായിരുന്നയാൾ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിർത്തി കടത്തിവിടാൻ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവർ ആരോപിച്ചു. അതിർത്തി കടത്തിയില്ലെന്നതിനേക്കാൾ ഗർഭിണിയെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയതാണ് കൂടുതൽ വേദനിപ്പിച്ചതെന്ന് ഷിജില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണമടക്കം തന്ന് സഹായിച്ചതായും അവർ കൂട്ടിച്ചേർത്തു. 

 

Follow Us:
Download App:
  • android
  • ios