ദില്ലി: കൊച്ചി മെട്രോയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പൂരി. കുറഞ്ഞ കാലം കൊണ്ട് കൊച്ചി മെട്രോ കൈവരിച്ചത് വലിയ നേട്ടമാണെന്ന് ഹർദീപ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ അഭിനന്ദനം.

പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ഗതാഗതസൗകര്യങ്ങൾ ജനങ്ങൾ ഏറ്റെടുക്കും എന്നതിന് ഏറ്റവും വലിയ തെളിവാണ് കൊച്ചി മെട്രോ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, തൈക്കൂടം വരെയുള്ള രണ്ടാംഘട്ട മെട്രോ സർവ്വീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ദിവസേന ശരാശരി 45000 പേർ സഞ്ചരിച്ചിരുന്ന സ്ഥാനത്ത് യാത്രക്കാരുടെ എണ്ണം 95000 വരെ എത്തി. ഗതാഗതക്കുരുക്ക് ഏറെയുള്ള വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ പ്രധാന മേഖലയിലേക്ക് മെട്രോ എത്തിയതും യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. 

മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെ 5.5 കിലോമീറ്റർ ആണ് പാതയുടെ നീളം. പുതിയ പാത ഉൾപ്പടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററായി. മഹാരാജാസ് -തൈക്കൂടം പാതയിലെ അഞ്ച് സ്റ്റേഷനുകൾ കൂടി വന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി വർധിച്ചു.