ന്യൂനപക്ഷ വിഭാഗങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള പി.എം വികാസ് പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് എന്‍.ഐ.ടിയില്‍ ധാരണാപത്രം ഒപ്പുവെച്ചു. തൊഴില്‍ അന്വേഷിക്കുന്നതിന് പകരം തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
കോഴിക്കോട്: തൊഴില്‍ അന്വേഷിക്കുന്നതിന് പകരം തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശേഷി വികസനം, നൈപുണ്യ വികസനം, വിദ്യാഭ്യാസ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടുള്ള പി.എം വികാസ് പദ്ധതിയില്‍ കാലിക്കറ്റ് എന്‍.ഐ.ടിയില്‍ നടന്ന ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ലഭ്യമായ സര്‍ക്കാര്‍ ധനസഹായങ്ങള്‍ പ്രയോജനപ്പെടുത്തി സ്വന്തം വീടുകളില്‍നിന്ന് തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനും ആശയങ്ങള്‍ പരീക്ഷിക്കാനും ആ സംരംഭങ്ങള്‍ വിപുലീകരിക്കാനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പി.എം വികാസ് പരിപാടി ആരംഭിച്ച ശേഷം നിരവധി സ്ത്രീകള്‍ വിജയകരമായി സംരംഭകരായി മാറിയെന്നും മറ്റു നിരവധി പേര്‍ സാങ്കേതിക യോഗ്യത നേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷകാര്യ മന്ത്രാലയം, കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കേരള കേന്ദ്ര സര്‍വകലാശാല എന്നിവ തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കാലിക്കറ്റ് എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ധു പി അല്‍ഗൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കേരള കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. വി ബി സമീര്‍ കുമാര്‍, കാലിക്കറ്റ് എന്‍.ഐ.ടി രജിസ്ട്രാര്‍ ഡോ. സുനില്‍ ജേക്കബ് ജോണ്‍, ന്യൂനപക്ഷകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷാ ഫൈസ് അഹമ്മദ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും കൈമാറുകയും ചെയ്തു.


