രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം പിണറായി വിജയന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്ദേശമാണ് നല്‍കുന്നത്. അല്ലാതെ അക്രമി സംഘങ്ങള്‍ക്ക് കേരളം സുരക്ഷിത താവളം ആക്കുന്നതിനല്ലെന്നും രാജീവ് ചന്ദ്രശേഖര്‍

ആലപ്പുഴയിൽ (Alappuzha) ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ (Political Murder) സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ (Rajeev Chandrasekhar). രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം പിണറായി വിജയന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്ദേശമാണ് നല്‍കുന്നത്. അല്ലാതെ അക്രമി സംഘങ്ങള്‍ക്ക് കേരളം സുരക്ഷിത താവളം ആക്കുന്നതിനല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റില്‍ പറയുന്നു. രഞ്ജിത് ശ്രീനിവാസന്‍റെ ആത്മാവി ശാന്തി നേര്‍ന്നുകൊണ്ടാണ് കേന്ദ്ര മന്ത്രിയുടെ കുറിപ്പ്. 

പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. നാല്‍പ്പത് വയസായിരുന്നു. ഇദ്ദേഹം ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. അടുത്തിടെ രൂപീകരിച്ച ഒബിസി സംസ്ഥാന കമ്മിറ്റിയിലാണ് ഇദ്ദേഹം സെക്രട്ടറിയായത്. നേരത്തെ ബിജെപിക്കായി നിയമസഭ തെരഞ്ഞെടുപ്പില്‍ രഞ്ജിത്ത് ശ്രീനിവാസന്‍ മത്സരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. ഇതിന്‍റെ പ്രതികാരം എന്ന നിലയില്‍ ആയിരിക്കാം ആലപ്പുഴ നഗരഭാഗമായ വെള്ളകിണറില്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. 

Scroll to load tweet…

ബിജെപി നേതാവിന്‍റെ കൊലപാതകം; 11 പേർ കസ്റ്റഡിയിൽ, പ്രതികളെത്തിയത് ആംബുലന്‍സില്‍
ആലപ്പുഴയിൽ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പേർ കസ്റ്റഡിയിൽ. കൊലപാതകം ചെയ്തവർ എത്തിയത് ആംബുലൻസിൽ ആണെന്നാണ് വിവരം. എസ്‍ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസ് പൊലീസ് പരിശോധിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. അതേ സമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്‍റ് സി പി മുഹമ്മദ് ബഷീർ പറഞ്ഞു.