തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികളെ ജില്ലാ ജയിലിൽ നിന്നും തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റാൻ കോടതി ഉത്തരവ്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്‌, നസീം എന്നിവർ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. 

ജില്ലാ ജയിലിനുള്ളിൽ പകര്‍ച്ചവ്യാധി സാധ്യതയും, വധ ഭീഷണിയുമുണ്ടെന്നാണ് മുൻ എസ്എഫ്ഐ നേതാക്കളായ പ്രതികളുടെ ആരോപണം. അതിനാൽ ജയിൽമാറ്റം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ജയിലിനുള്ളിൽ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളോ പകർച്ച വ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയിൽ സൂപ്രണ്ട് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കരമനയിൽ അനന്തുവെന്ന യുവാവിനെ തല്ലികൊന്ന പ്രതികളിൽ നിന്നും ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ചാണ് ജയിൽമാറ്റത്തിന് കോടതി ഇപ്പോള്‍ ഉത്തരവിട്ടത്.  

ഇതിനിടെ, യൂണിവേഴ്‌സിറ്റി കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീൽ മോഷ്ടിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളി. പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം കോടതി നിരസിച്ചത്.