തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ യൂണിറ്റ് അം​ഗങ്ങൾ ചേർന്ന് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യൂണിവേഴ്സിറ്റി കോളേജിലേത് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെയും പരീക്ഷാ ക്രമക്കേടിന്‍റെയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ട് കെഎസ്‍യു തിരുവനന്തപുരത്ത് അനിശ്ചിതകാല സമരം നടത്തുകയാണ്. എന്നാൽ, സമരം നടത്തുന്നത് വിദ്യാർഥികളല്ല. എസ്എഫ്ഐയുടെ സ്വാധീനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെഎസ്‍യു സമരത്തിനിടെ സെക്രട്ടേറിയേറ്റിന്റെ മതിൽ ചാടിക്കടന്നത് വിദ്യാർഥി അല്ലെന്നും അഭിഭാഷകയാണെന്നും കോടിയേരി പറഞ്ഞു.