Asianet News MalayalamAsianet News Malayalam

സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്തും; തീരുമാനങ്ങൾ ഇങ്ങനെ

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടത്. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണം.

university exams will conduct on june
Author
Thiruvananthapuram, First Published May 21, 2020, 4:37 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങി പോയ സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്താന്‍ തീരുമാനമായി. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടത്. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണം. ഓരോ സര്‍വകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തായിരിക്കണം പരീക്ഷാ തീയതികള്‍ തീരുമാനിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. സര്‍വകലാശാലയുടെ പരിധിയ്ക്ക് പുറത്തുള്ള ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതാത് ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണം. 

അടുത്ത അദ്ധ്യയനവര്‍ഷം ക്ലാസുകള്‍ ജൂണ്‍ മാസത്തില്‍ തന്നെ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ ആരംഭിക്കേണ്ടതാണ്. ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹാജര്‍, അധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകള്‍ എന്നിവ പ്രിന്‍സിപ്പല്‍മാര്‍ സൂക്ഷിക്കേണ്ടതും സര്‍വകലാശാലകള്‍ ഇത് പരിശോധിക്കേണ്ടതുമാണ്. സിലബസിന്റെ ഓരോ ഭാഗങ്ങളുടെയും വീഡിയോ/ഓ‍ഡിയോ അതാത് അധ്യാപകർ എടുത്ത് കോളേജിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. സര്‍വ്വകലാശാലകള്‍ കമ്മ്യൂണിറ്റി റേഡിയോ ചാനലുകൾ, ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. ചോദ്യപേപ്പര്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കണം. ചോദ്യബാങ്ക് സമ്പ്രദായം നടപ്പിലാക്കണം. 

കൊവിഡ് പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിന് ചേരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ബിരുദ-ബിരുദാനന്തര കോഴ്സുകളില്‍ സീറ്റുകളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ഉദ്ദേശിക്കുന്നത്. സര്‍വകലാശാലകള്‍ ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം. ഗവേഷണ വിദ്യാർത്ഥികളുടെ ഓപ്പൺ ഡിഫെൻസ് വീഡിയോ കോൺഫറൻസിം​ഗ് മുഖേന നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി. കേരള, എം ജി, കെ ടി യു, ന്യൂവാല്‍സ്, സംസ്കൃതം, കുസാറ്റ്, മലയാളം, കോഴിക്കോട്, കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ ആയിരുന്നു തീരുമാനം. 

Follow Us:
Download App:
  • android
  • ios