ദില്ലി: സർവകലാശാല പരീക്ഷകൾ ജൂലൈയിൽ നടന്നേക്കാമെന്ന് യുജിസി അറിയിച്ചു. തീവ്രബാധിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിലാണ് ജൂലൈയിൽ പരീക്ഷ നടത്തുവാൻ യുജിസി ആലോചിക്കുന്നത്. അതേസമയം പരീക്ഷകൾ നടത്തിയാലും റെ​ഗുല‍ർ ക്ലാസുകൾ തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 

കോളേജുകൾ സെപ്തംബർ ഒന്നു മുതൽ മാത്രമേ തുറക്കൂ എന്നാണ് ഇപ്പോൾ യുജിസി അറിയിക്കുന്നത്. നിലവിലുള്ള വിദ്യാർത്ഥികൾക്ക് ഓ​ഗസ്റ്റ് ഒന്നു മുതൽ ക്ലാസ് തുടങ്ങാം. എന്നാൽ കോഴ്സുകൾക്ക് പുതുതായി ചേരുന്ന വിദ്യാർത്ഥികൾക്ക് സെപ്തംബർ ഒന്നു മുതലായിരിക്കും ക്ലാസുകൾ ആരംഭിക്കുകയെന്നും യുജിസി വൃത്തങ്ങൾ വിശദീകരിക്കുന്നു. 

അപ്രതീക്ഷിതമായി ഉണ്ടായ കൊവിഡ് ബാധ മൂലം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രവർത്തനങ്ങൾ പൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇതുവരെ പൂർത്തിയായിട്ടില്ല. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടേയും അവസ്ഥ ഇതാണ്. 

പ്ലസ് വൺ പരീക്ഷ തത്കാലത്തേക്ക് നീട്ടിവച്ച് പ്ലസ് ടു, എസ്എഎസ്ൽസി പരീക്ഷകൾ പൂർത്തിയാക്കുള്ള സാധ്യതയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. കേരളത്തിലെ റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും ലക്ഷദ്വീപിലും ​ഗൾഫ് രാജ്യങ്ങളിലും സ്ഥിതി മെച്ചപ്പെട്ടാൽ മാത്രമേ ഈ നീക്കം നടപ്പാവൂ.