തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിൽ പുനർമൂല്യ നിർണയത്തിൽ വീഴ്ച വരുത്തിയ 82 അധ്യാപകരിൽ നിന്നും വിശദീകരണം തേടാൻ സിൻഡിക്കേറ്റ് യോഗ തീരുമാനം. ബിടെക്ക് ഏഴാം സെമസ്റ്റർ പരീക്ഷയിൽ പുനർമൂല്യ നിർണയത്തിലൂടെ അനർഹർക്ക് കൂടുതൽ മാ‍ർക്ക് നൽകി വിജയിപ്പിച്ചതായും ഉയർന്ന ഗ്രേഡുകൾ നൽകിയതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

പുനർമൂല്യ നിർണയത്തിന് പോയ  24854 ഉത്തര കടലാസ്സുകളിൽ 24 ശതമാനം പേർ വിജയിക്കുകയും 34 ശതമാനം പേർക്ക് ഉയർന്ന ഗ്രേഡ് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ സർവകലാശാല ആദ്യമൂല്യ നിർണയം നടത്തിയ അധ്യാപകരോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതിനെതിരെ ആദ്യം മൂല്യനിർണയം നടത്തിയ അധ്യാപകർ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും അധ്യാപകരോട് ഒരു സർവകലാശാല വിശദീകരണം തേടുന്നത്.