കൊല്ലം മേയര്‍ ഹണി ബെഞ്ചമിന് നേരെ വധഭീഷണി. മേയറുടെ വീടന്വേഷിച്ചെത്തിയ അജ്ഞാത വ്യക്തിയാണ് ഭീഷണി മുഴക്കിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും മുഖം വ്യക്തമല്ല.

കൊല്ലം: കൊല്ലത്തെ മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയ പ്രതിയ്ക്കായി അന്വേഷണം തുടരുന്നു. മേയര്‍ ഹണി ബെഞ്ചമിന്‍റെ വീട് അന്വേഷിച്ചെത്തിയ വ്യക്തി വധ ഭീഷണി മുഴക്കിയെന്നാണ് പരാതി. പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും മുഖം വ്യക്തമല്ല.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഉളിയക്കോവില്‍ വൈദ്യശാല ജംഗ്ഷനില്‍ വെച്ച് മീന്‍ കച്ചവടം നടത്തുന്ന റോസമ്മയോട് ഒരാള്‍ മേയര്‍ ഹണി ബെഞ്ചമിന്‍റെ വീട് അന്വേഷിച്ചു. തുടരെ അസഭ്യം പറഞ്ഞ പ്രതി മേയറെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നാണ് റോസമ്മയുടെ മൊഴി. റോസമ്മയില്‍ നിന്നും വിവരം അറിഞ്ഞ മേയര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മദ്യ ലഹരിയിലായിരുന്ന പ്രതി കത്തിയുമായാണ് കറങ്ങി നടന്നതെന്നും മേയര്‍ പറയുന്നു.

മറ്റ് ചിലരോടും ഇതേ വ്യക്തി മേയറിന്‍റെ വീട് അന്വേഷിച്ചിരുന്നു. സംഭവത്തില്‍ കേസ് എടുത്ത ഈസ്റ്റ് പൊലീസ് പ്രതി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പക്ഷേ മുഖം വ്യക്തമല്ലാത്തതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. കൂടുതല്‍ ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്.