സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളിയാണെന്നും ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളിയാണെന്നും ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നൽകിയ പാളികളിൽ മുൻപ് സ്വർണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അത് ഒരു പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് പലതും മാധ്യമങ്ങൾ കെട്ടിച്ചമക്കുന്നതാണ്. തനിക്ക് തന്ന ലെറ്ററിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളിൽ സ്വർണ്ണം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത്. സ്വർണപ്പാളി പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി. പീഠം ഫിറ്റ്‌ ചെയ്യാൻ വാസുദേവൻ എന്നയാളെ ഏൽപ്പിച്ചിരുന്നു. വിവിഐപി എന്നൊരാളെയേം കൊണ്ടു പോയിട്ടില്ല. താൻ പണപ്പിരിവ് നടത്തിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ചെല്ലാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദഹം പറഞ്ഞു.

ദ്വാരപാലക ശിൽപ്പത്തിൽ പൂശിയത് ഏഴ് പാളി സ്വർണമെന്ന് ദേവസ്വം മുൻ ചീഫ് എഞ്ചിനീയർ

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൽ പൂശാനായി യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ആവശ്യത്തിലധികം സ്വർണം കരുതിയിരുന്നുവെന്ന് മുൻ ചീഫ് എഞ്ചിനിയർ രവികുമാർ. ദ്വാരപാലക ശില്പം അടക്കം സ്വർണം പൂശിയിരുന്നു. ചെമ്പിന് മുകളിൽ ഏഴ് പാളി സ്വർണം പൂശിയ ദ്വാരപാലക ശില്പം ചെമ്പായി മാറിയത് അത്ഭുതമാണെന്ന് രവികുമാർ പറഞ്ഞു. സ്വർണം പൂശാനായി അന്ന് അഴിച്ചിറക്കിയ മൂന്ന് താഴികക്കുടങ്ങളെ കുറിച്ചും അന്നേ വിവരമില്ലെന്നും അക്കാലത്ത് ശബരിമല സന്നിധാനത്തെ ചീഫ് എഞ്ചിനിയർ ആയിരുന്ന രവികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.