മുൻപ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റി. കൂടെയുള്ളവർ മാലയിട്ടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സ്വീകരിച്ചത്.

ബെം​ഗളൂരു: ശബരിമല സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബംഗളൂരുവിൽ സ്വീകരണം. നേരത്തെ കീഴ്ശാന്തിയായി ജോലി ചെയ്തിരുന്ന ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിന് മുന്നിലാണ് രമേഷ് റാവുവിന്റെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്. അതേസമയം സ്വീകരണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ശ്രീറാംപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കേസിൽ അറസ്റ്റിലായ ശേഷം ആദ്യമായാണ് പോറ്റി ബെംഗളൂരുവിൽ എത്തുന്നത്.

സ്വർണകൊള്ള കേസിൽ കർശന വ്യവസ്ഥകളോടെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി, ഈ വ്യവസ്ഥകളിൽ ഇളവ് നേടിയാണ് ബംഗളൂരുവിൽ എത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി 20 ദിവസത്തേക്ക് ഇളവ് അനുവദിച്ചത്. രാവിലെ ബംഗളൂരുവിൽ എത്തിയ ഉണ്ണികൃഷ്ണൻ പോറ്റി പത്തുമണിയോടെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ എത്തി. ദർശനം നടത്തി. ശരണം വിളിയോടെ ആനയിച്ച കൂട്ടുകാർ ക്ഷേത്രത്തിന് പുറത്ത് മാല അണിയിച്ച് അദ്ദേഹത്തിന് സ്വീകരണവും ഒരുക്കി.

മുൻ പങ്കാളിയും ബിസിനസുകാരനുമായ രമേഷ് റാവുവിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി കട്ടിള പാളികൾ ഏറ്റുവാങ്ങുമ്പോൾ അത് സ്വീകരിക്കാൻ എത്തിയവരിൽ രമേഷ് റാവുവും ഉണ്ടായിരുന്നു. അതേസമയം സ്വീകരണവുമായി ക്ഷേത്രത്തിന് ഒരു ബന്ധവുമില്ല എന്നാണ് ശ്രീറാംപുര അയ്യപ്പക്ഷേത്രം ഭാരവാഹികളുടെ നിലപാട്. രമേഷ് റാവുവിന്റെ വീട്ടിൽ ഉൾപ്പെടെ പൂജകൾ നടത്തുന്ന ഉണ്ണികൃഷ്ണൻ പോറ്റി അടുത്ത 20 ദിവസം ബംഗളൂരുവിൽ ഉണ്ടാകും.

ശ്രീറാംപുരക്ക് സമീപം ഫ്ലാറ്റിൽ താമസിക്കവേ ഉണ്ടായ ശബരിമല കേസിലെ അറസ്റ്റ് പോറ്റിയെ കണ്ണടച്ച് വിശ്വസിച്ചിരുന്നവർക്കിടയിൽ വലിയ വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. അതിന്റെ ആഘാതം കുറയ്ക്കുകയും കേസിൽ പോറ്റി നിരപരാധിയാണെന്ന് സ്ഥാപിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യം കൂടി ശ്രീറാംപുരയിൽ ഒരുക്കിയ സ്വീകരണത്തിന് പിന്നിലുണ്ടാകാമെന്നാണ് വിലയിരുത്തൽ.

YouTube video player