വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം കലക്ടറായി ചുമതലയേറ്റ ഡി.ആർ. മേഘശ്രീ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ദുരന്തബാധിതരെ ചേർത്തുപിടിച്ചതിനും വയനാട് ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കിയതിനും ജനങ്ങൾ നൽകിയ സ്നേഹാദരമാണ് വേദിയിൽ ഉയർന്ന കൈയടി.

യനാട് ടൗൺഷിപ്പ് ഉ​ദ്ഘാടന വേദി, തിങ്ങി നിറഞ്ഞ സദസ്സ്. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തുടങ്ങി ജില്ലയിലെയും പുറത്തെയും പ്രമുഖരുടെ നീണ്ട നിര സാക്ഷികൾ. ഇതിനിടെ ചടങ്ങിൽ കലക്ടറുടെ പേര് പറഞ്ഞപ്പോൾ അസാധാരണമായി ഉയർന്ന കൈയടിയുടെ അർഥം ഒന്നേ ഉണ്ടായിരുന്നുള്ളൂ. വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ ചേർത്തുപിടിച്ചതിന് ജനം നൽകിയ ആദരം. റീൽസുകളിലൂടെയും പോസ്റ്റുകളിലൂടെയും ഓൺലൈനിൽ ഉദ്യോ​ഗസ്ഥർ താരമാകുമ്പോഴാണ്, ഓഫ് ലൈനിൽ ജനങ്ങളെ ചേർത്തുപിടിച്ചതിന് തിരികെ നൽകുന്ന സ്നേഹം ഇങ്ങനെ വെളിപ്പെടുന്നത്.

അപ്രതീക്ഷിതമായിട്ടായിരുന്നു ആർ.ഡി. മേഘശ്രീ വയനാട് ജില്ലാ കലക്ടർ പദവിയിലെത്തുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തം വിതച്ച ആഘാതം ജില്ലയാകെ അനുഭവിച്ചുകൊണ്ടിരിക്കെ, രേണുരാജിന്റെ പിൻ​ഗാമിയായി മേഘശ്രീ ചുമതലയേറ്റെടുത്തു. വയനാട് ടൗൺഷിപ്പ് എന്ന ഉത്തരവാദിത്തത്തിന്റെ കൊടുമുടിയായിരുന്നു മുന്നിൽ. ​ദുരന്തബാധിതരെ ചേർത്തുനിർത്തിയ അവർ, സർക്കാർ ഏൽപ്പിച്ച കർത്തവ്യം സധൈര്യം ഏറ്റെടുത്തു. വെല്ലുവിളികളും പ്രതിസന്ധികളും ഏറെ ഉണ്ടായിട്ടും അണുവിട വ്യതിചലിക്കാതെ, പതറാതെ മുന്നോട്ട് നീങ്ങി. ഉദ്യോ​ഗസ്ഥരെയും ഭരണനേതൃത്വത്തെയും ഏകോപിപ്പിച്ചു. ദുരന്തബാധിരോടൊപ്പം, അവരുടെ കണ്ണീരിൽ കൂട്ടായി കൂടെ നിന്നു. ഇന്നിപ്പോൾ വയനാട് കൽപ്പറ്റ ടൗൺഷിപ്പ് യാഥാർഥ്യമായപ്പോൾ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ഉയർന്ന കൈയടി മേഘശ്രീ നേടിയതിന് കാരണം ഒറ്റൊന്ന് മാത്രമാണ്, അവരുടെ അർപ്പണ ബോധവും കാര്യക്ഷമതയും.

2024 ജൂലൈ 10നായിരുന്നു മേഘശ്രീ ചുമതലയേറ്റത്. അന്ന് മുതൽ ഇന്ന് വരെയും ഇനി തുടർന്ന് അവസാന ദുരന്തബാധിതനും വീട് ലഭിക്കുന്നതുവരെ രാപ്പകലില്ലാതെ പദ്ധതിക്കൊപ്പമായിരുന്നു മേഘശ്രീ. രക്ഷാ പ്രവർത്തനം മുതൽ പുനരധിവാസം ഒന്നാം ഘട്ടം പൂർത്തിയാകുന്നതുവരെ മേഘശ്രീയുടെ മേൽനോട്ടത്തിലായിരുന്നു ഓരോ പ്രവർത്തനങ്ങളും വേ​ഗതയോടെ ഒത്തൊരുമിച്ച് പ്രവർത്തിച്ചത്. ഇതിനിടയിൽ, മിക്ക കളക്ടർമാരെയും ട്രാൻസ്ഫർ ചെയ്തെങ്കിലും മേഘശ്രീയെ വയനാട്ടിൽ തന്നെ നില നിർത്തിതിൽ സർക്കാറിനും ചില ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. അതിന്റെ ഫലമാണ്, ഭൂമിയേറ്റെടുത്ത് ഒരുവർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞത്. വീടുകളുടെ നറുക്കെടുപ്പിനിടെ വിതുമ്പിയ അവരുടെ ദൃശ്യങ്ങളും ഏറെ വൈറലായിരുന്നു.

2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആർ.മേഘശ്രീ, കർണാടക ചിത്രദുർഗ സ്വദേശിനിയാണ്. കാഞ്ഞങ്ങാട് സബ് കലക്ടർ, കണ്ണൂർ ജില്ലാ വികസന കമ്മിഷണർ, സംസ്ഥാന പട്ടികജാതി -പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ എന്നീ തസ്തികളിൽ സേവനമനുഷ്ഠിച്ചിരുന്നു. കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ വിക്രം സിംഹയാണ് ഭർത്താവ്. വിസ്മയ, ധൃതി എന്നിവർ മക്കളാണ്. സംയോജിത ശിശു വികസന പദ്ധതിയിൽ (ഐസിഡിഎസ്) സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടർക്കുള്ള പുരസ്‌കാരവും ലഭിച്ചു.