ലക്നൗ: എട്ട് പൊലീസുകാരെ ഏറ്റുമുട്ടലിനിടെ വധിച്ച് ഉത്ത‍ർപ്രദേശിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിൽ നിന്നും പിടികൂടി.

മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ മഹാകാൾ ക്ഷേത്രത്തിൽ നിന്നും ഇന്നു പുല‍ർച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാ‍ർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം. 

വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്ന് പുല‍ർച്ചെ നടന്ന ഏറ്റുമുട്ടലിൽ യുപി പൊലീസ് വകവരുത്തിയിരുന്നു. പ്രഹ്ളാദ് എന്ന അനുയായി അറസ്റ്റ് ചെയ്തെങ്കിലും ഇയാൾ പൊലീസിൻ്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഏറ്റുമുട്ടലുണ്ടാവുകയും കൊലപ്പെടുകയും ചെയ്തുവെന്നാണ് യുപി പൊലീസ് നൽകുന്ന വിശദീകരണം. കഴിഞ്ഞയാഴ്ച കാൺപൂരിൽ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്.