ആലപ്പുഴ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും അപ്പർകുട്ടനാടൻ മേഖല ഇപ്പോഴും വെള്ളത്തിനടിയിലാണ്. തലവടി , മേപ്രാൽ, നിരണം, എടത്വ പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളിൽ വെള്ളം കയറി. പന്തളം പൂഴിക്കാട് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടു പോയവരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

പമ്പ, മണിമല, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് താഴാത്തതാണ് അപ്പർകുട്ടനാട്ടിൽ പ്രശ്നം സൃഷ്ടിക്കുന്നത്. കിഴക്കൻ പ്ര​ദേശത്തു നിന്നും വെള്ളത്തിന്‍റെ വരവു കൂടിയതോടെ കൂടുതൽ സ്ഥലങ്ങളിൽ വെള്ളം കയറി. 

ചെങ്ങന്നൂരിനടുത്തുള്ള കൊറ്റൂർ പഞ്ചായത്തിലെ കിഴക്കൻ മേഖലയിൽ മുന്നൂറോളം വീടുകൾ വെള്ളത്തിലാണ്. മാവേലിക്കര ,ചാരുമ്മൂട് കറ്റാനം പ്രദേശങ്ങളിലെ ഉൾറോഡുകളും വെള്ളത്തിലാണ്. നദീ തീരത്തെ വീടുകളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു.

ചെങ്ങന്നൂരിൽ സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്. പത്തനംതിട്ട പന്തളത്തിന് സമീപം പൂഴിക്കാട് വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട് കിടന്ന മൂന്ന് കുടുംബങ്ങളെ ഫയർഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി.11 പേരെയാണ് ഫയർഫോഴ്സ് സംഘം കരക്കെത്തിച്ചത്. ഇവരിൽ അവശ നിലയിലായവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപ്പർകുട്ടനാട്ടിൽ ഉൾപ്പെട്ട തിരുവല്ല താലൂക്കിൽ 59 ക്യാമ്പുകളിലായി 4300 പേരാണ് കഴിയുന്നത്. പ്രദേശത്തെ താറുമാറായ വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.