Asianet News MalayalamAsianet News Malayalam

നാട്ടിലേക്കില്ല; കേരളമാണ് സുരക്ഷിതം; വിസ നീട്ടിക്കിട്ടണമെന്ന അഭ്യർത്ഥനയുമായി അമേരിക്കൻ നാടകകൃത്ത് കോടതിയിൽ

വിസയുടെ കാലാവധി നീട്ടിക്കിട്ടിയാൽ ഇവിടെ തന്നെ തുടരാമല്ലോ. വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏറെ മെച്ചപ്പെട്ട രീതിയിലാണ് പ്രവർത്തിക്കുന്നത്''- അദ്ദേഹം പറഞ്ഞു.

US dramatist says india is safer than america
Author
Kochi, First Published Apr 30, 2020, 3:45 PM IST

കൊച്ചി: സ്വദേശം വിട്ട് അന്യദേശങ്ങളിൽ കഴിയുന്നവർക്കെല്ലാം ഒറ്റച്ചിന്തയേ ഉള്ളൂ. എങ്ങനെയെങ്കിലും സ്വദേശത്ത് മടങ്ങിയെത്തണം. എന്നാൽ കേരളത്തിലെത്തിയ അമേരിക്കൻ സംവിധായകനും നാടകകൃത്തുമായ ടെറി ജോൺ കോൺവേർസ്  പറയുന്നത് തനിക്ക് നാട്ടിലേക്ക് മടങ്ങിപ്പോകണ്ട എന്നാണ്. കേരളമാണ് സുരക്ഷിതമെന്ന് അദ്ദേഹം പറയുന്നു. ആറ് മാസത്തേയ്ക്ക് കൂടി വിസ നീട്ടിക്കിട്ടാൻ കേരള ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'അമേരിക്കയിലേതിനെക്കാള്‍ ഇന്ത്യയിൽ സുരക്ഷിതനാണെന്ന് ഞാൻ വിശ്വസിക്കുന്നു' കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചതിന് ശേഷം ടെറി ജോൺ പറയുന്നു. ആറുമാസത്തേക്ക് കൂടി വിസ കാലാവധി ലഭിക്കണമെന്നാണ് ആഗ്രഹം. യുഎസിൽ സ്ഥിതി​ഗതികൾ വളരെ മോശമായ അവസ്ഥയിലാണ്. വിസയുടെ കാലാവധി നീട്ടിക്കിട്ടിയാൽ ഇവിടെ തന്നെ തുടരാമല്ലോ. വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏറെ മെച്ചപ്പെട്ട രീതിയിലാണ് പ്രവർത്തിക്കുന്നത്''- അദ്ദേഹം പറഞ്ഞു.

വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ തിയറ്റർ വിഭാഗം പ്രൊഫസറാണ് ടെറി ജോൺ കോൺവേർസ്. സംവിധാനം, സമകാലിക ലോക നാടകം, സ്ക്രിപ്റ്റ് അനാലിസിസ് എന്നിവയാണ് പഠിപ്പിക്കുന്നത്. കൊച്ചി പനമ്പിളളി ന​ഗറിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. മെയ് 20 വരെയാണ് ഇദ്ദേഹത്തിന്റെ വിസാ കാലാവധി നീട്ടിയിരിക്കുന്നത്. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്.

2012ൽ ഇന്ത്യയിൽ എത്തിയ ടെറി ജോൺ കേരളത്തിലെ അടക്കം പരമ്പരാഗത നാടക പ്രസ്ഥാനങ്ങളെ പറ്റി പഠിച്ചു. ഇപ്പോൾ ആറുമാസത്തെ സന്ദർശക വിസയിലാണ് എത്തിയിരിക്കുന്നത്. കൊച്ചിയിൽ ഇന്ത്യൻ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നും ഇവിടെ സുരക്ഷിതനാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ  പ്രത്യേകിച്ച് കേരളത്തിൽ, വൈറസിനെതിരെ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ മഹാമാരിയെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios