കരുതലും കൈത്താങ്ങും എന്ന ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കാൻ സംവിധാനമുണ്ടെങ്കിലും അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ തീരുമാനം വലിയ തിരിച്ചടിയാണ്. 

തിരുവനന്തപുരം : മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തുകളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ എത്തിക്കുന്നതിന് യൂസര്‍ ഫീ ചുമത്തി സര്‍ക്കാര്‍. അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷ സ്കാൻ ചെയ്യുന്നതിനും പ്രിന്റെടുക്കുന്നതിനും എല്ലാം പ്രത്യേകം തുക നൽകണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കരുതലും കൈത്താങ്ങും എന്ന ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കാൻ സംവിധാനമുണ്ടെങ്കിലും അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ തീരുമാനം വലിയ തിരിച്ചടിയാണ്.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളിൽ പൊതുജനങ്ങൾക്കുള്ള പരാതികളും സഹായ അഭ്യര്‍ത്ഥനകളുമെല്ലാം സര്‍ക്കാരിന് സമര്‍പ്പിക്കാം. താലൂക്ക് തലത്തിൽ ഇതെല്ലാം പരിഹരിക്കാൻ സംവിധാനം ഉണ്ടാകും. സര്‍ക്കാരിനും പൊതുജനങ്ങൾക്കും ഇടയിൽ പ്രവര്‍ത്തിക്കുന്ന പാലമാണ് നിലവിൽ അക്ഷയ കേന്ദ്രങ്ങൾ. ഒരു നിവേദനവുമായി അക്ഷയ കേന്ദ്രത്തിൽ എത്തിയാൽ സര്‍വ്വീസ് ചാര്‍ജ്ജ് 20 രൂപയാണ്. ഓരോ പേജും സ്കാൻ ചെയ്യാൻ 3 രൂപ നൽകണം. രേഖകൾ പ്രിന്റഎടുക്കാനും കൊടുക്കണം പേജൊന്നിന് മൂന്ന് രൂപ. അതായത് ചികിത്സാ സഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനെത്തുന്ന സാധാരണക്കാരൻ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. മതിയായ വിവരങ്ങളും രേഖകളെല്ലാം ഉൾപ്പെടുത്തി ഒരു അപേക്ഷ തയ്യാറാക്കണമെങ്കിൽ സമര്‍പ്പിക്കുന്ന ഓരോ രേഖക്കും പേജൊന്നിന് മൂന്ന് രൂപ വീതം സ്കാൻ ചെയ്യാനും പ്രിന്റെടുക്കാനും നൽകുകയും വേണം. 

കരുതലും കൈത്താങ്ങും എന്ന ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കാൻ അവസരമുണ്ടെന്നാണ് മറുവാദം. എന്നാൽ സാധാരണക്കാരായ അധികമാളുകളും ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പൊതുജനങ്ങൾക്ക് അധിക ബാധ്യതയാകുമെന്ന വിമര്‍ശനവും ശക്തമാണ്.