റോഡ് ഗതാഗതം തടസ്സപ്പെട്ടതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനങ്ങൾ വേണ്ടവിധത്തില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്
ഉത്തരകാശി: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ ധരാലിയിൽ കാണാതായവരെ കുറിച്ച് സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് ബന്ധുക്കൾ. കുടുംബത്തിലെ 26 പേരെ കാണാതായ ദമ്പതികളാണ് ആരോപണവുമായി രംഗത്തെത്തിയത്. വലിയ ദുരന്തം സംഭവിക്കുന്നുവെന്ന് കുട്ടികൾ ഫോണിൽ വിളിച്ച് പറഞ്ഞെന്നും എന്നാല്‍ പിന്നീട് അവരെക്കുറിച്ച് ഒരു വിവരവുമില്ല, കുടുങ്ങിപോയവരെ കുറിച്ച് സർക്കാരിന് വിവരങ്ങൾ കൈമാറിയെങ്കിലും പ്രതികരണമില്ലെന്നാണ് ധരാലി സ്വദേശികളായ ബീർ സിംഗും ഭാര്യ കാളി ദേവിയും പറയുന്നത്. ദുരന്തം ഉണ്ടാകുമ്പോൾ ഇരുവരും ഗ്രാമത്തിലില്ലായിരുന്നു.
ഉത്തരകാശിയില്‍ ഒന്നിലധികം തവണ മേഘവിസ്ഫോടനം ഉണ്ടായെന്നാണ് വിവരം. ദുരന്തത്തില്‍ നിരവധി പേരെ കാണാതായതായിട്ടുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനങ്ങൾ വേണ്ടവിധത്തില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തിന് നേര്‍ സാക്ഷികളായവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് അനുഭവങ്ങൾ പങ്കുവെച്ചു.
അവര്‍ പറയുന്നത് കൊടുങ്കാറ്റും, ഇടിമുഴക്കവുമുണ്ടായി. മലവെള്ളപ്പാച്ചിൽ എത്തിയത് അപ്രതീക്ഷിതമായാണ്. ദുരന്ത ശേഷം പ്രദേശത്ത് ഒറ്റപ്പെട്ടുപോയ സ്ഥിതി ഉണ്ടായി. കരസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന് കരുതിയില്ല എന്നാണ് രക്ഷപ്പെട്ട രാം തിരത്തും, ബബിതയും പറയുന്നത്.

