Asianet News MalayalamAsianet News Malayalam

വണ്ടിപ്പെരിയാറിൽ എന്തുനീതി? സിപിഎമ്മുകാർ എന്ത് ഹീനകൃത്യം ചെയ്താലും സർക്കാർ സംരക്ഷിക്കുന്നു: വി ഡി സതീശൻ

വിധി വന്ന് ഒന്നര മാസമായിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് വി ഡി സതീശന്‍

v d satheesan about vandiperiyar case SSM
Author
First Published Feb 1, 2024, 3:19 PM IST

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിധി പ്രസ്താവം വായിച്ചാല്‍ അപമാന ഭാരത്താല്‍ തല കുനിച്ചു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇവിടെ എന്ത് നീതിയാണ് നടപ്പാക്കിയത്. സംഭവം നടന്ന അന്നു മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്. അന്വേഷണത്തില്‍, പ്രോസിക്യൂഷനില്‍ എല്ലായിടത്തും തെളിവുകളും നശിപ്പിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്. അത് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥന്‍ തുടക്കം മുതല്‍ക്കെ അടച്ചു. ആദ്യം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചു. തന്റെ കൊച്ചിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതി നിലവിളിച്ചുണ്. അതിനൊപ്പം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനുള്ള ശ്രമം നടത്തിയത് ലജ്ജിപ്പിക്കുന്ന സംഭവമാണ്. പ്രതിയാണ് മൃതശരീരം ഏറ്റുവാങ്ങിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.

സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ജനല്‍ തുറന്നു കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. ജനലില്‍ കൂടിയാണ് പ്രതി രക്ഷപ്പെട്ടത്. രണ്ടാമത് വീടിനുള്ളില്‍ കയറിയ പ്രതി ജനലിന്റെ കൊളുത്തിട്ടു. എന്നാല്‍ ജനലിന്റെ കൊളുത്ത് ഇട്ടിട്ടുണ്ടെന്നും പ്രതിക്ക് വീട്ടിനുള്ളില്‍ കയറാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയെ ചോദ്യം ചെയ്തിരുന്നെങ്കില്‍ കൃത്യമായ വിവരം ലഭിച്ചേനെ. പ്രതി ആരാണെന്ന് അറിഞ്ഞിട്ടും തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനിന്നുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

വിധി വന്നതിനു ശേഷം കുട്ടിയുടെ അച്ഛനും മുത്തച്ഛനും ആക്രമിക്കപ്പെട്ടു. ഇന്ത്യയില്‍ നടന്ന ഏറ്റവും ഹീനമായ കേസായ ഉന്നാവോയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തീകൊളുത്തിക്കൊന്നു. അച്ഛന്‍ തടവറയില്‍ മരിച്ചു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ രണ്ട് ബന്ധുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അതോടെ കേസ് തന്നെ ഇല്ലാതായി. അതു പോലെയാണ് പ്രതിയെ വെറുതെ വിട്ടതിനു പിന്നാലെ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനും ആക്രമിക്കപ്പെട്ടത്. ആക്രമിച്ച പ്രതി ഓടിക്കയറിയത് സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസിലേക്കും. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ബിയര്‍ കുപ്പികളും വാരിക്കുന്തവുമായാണ് സി.പി.എം നേരിട്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു. 

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വാളയാറിലും അട്ടപ്പാടിയിലും ഉണ്ടായത് സംഭവിക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ വിശപ്പ് കൊണ്ട് ഭക്ഷണം എടുത്ത് കഴിച്ച മധുവിനെ കൊലപ്പെടുത്തി. വാളയാറില്‍ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി. ആ കേസൊക്കെ എവിടെപ്പോയി? ആ കേസിലൊക്കെ സിപിഎമ്മുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കാരും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിക്കാര്‍ എന്ത് ഹീനകൃത്യം ചെയ്താലും എന്ത് വിലകൊടുത്തും അവരെ സംരക്ഷിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അട്ടപ്പാടിയും വാളയാറും തന്നെയാണ് വണ്ടിപ്പെരിയാറിലും ആവര്‍ത്തിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

വിധി വന്ന് ഒന്നര മാസമായിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. അപ്പീല്‍ പോയെന്നാണ് പറയുന്നത്. ഇതേ തെളിവുകളുമായല്ലേ അപ്പീലിന് പോകുന്നത്? നേരത്തെ വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചപ്പോഴാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. അപ്പീല്‍ പോകുന്നത് മാത്രമല്ല നടപടി. എന്ത് നിയമോപദേശമാണ് സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഇതേ തെളിവും വിധിയും വച്ച് ആ കുടുംബത്തിന് എന്ത് നീതി ലഭിക്കുമെന്നും സതീശന്‍ ചോദിച്ചു. ഈ കേസിലെ ഒന്നാം പ്രതി സര്‍ക്കാരാണെന്നും സര്‍ക്കാരിന്റെ അലംഭാവത്തിലും നിസംഗതയിലും പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios