Asianet News MalayalamAsianet News Malayalam

"ഹി ഈസ് ആൻ ഓണറബിൾ മാൻ", ജൂലിയസ് സീസര്‍ ഉദ്ധരിച്ച് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ

"എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ എന്ത് അറിഞ്ഞുകൊണ്ടാണ് ഭരിച്ചിരുന്നത്"

V. D. Satheesan against pinarayi vijayan kerala government
Author
Trivandrum, First Published Aug 24, 2020, 12:04 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഗുരുതര ആക്ഷേപങ്ങളുമായി പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം . പ്രതിപക്ഷ നിരയിൽ നിന്ന് വിഡി സതീശനാണ് പിണറായി വിജയൻ സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. രൂക്ഷമായ ആരോപണങ്ങളും ഗുരുതര ആക്ഷേപങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു പ്രമേയ അവതരണം. 

ഷെയ്ക്സ്പിയറിന്‍റെ ജൂലിയസ് സീസറിൽ മാര്‍ക്ക് ആന്റണിയുടെ വിഖ്യാത പ്രസംഗം അനുസ്മരിച്ചായിരുന്നു വിഡി സതീശന്‍റെ തുടക്കം . "ഹി ഈസ് ഏൻ ഹോണറബിൾ മാൻ" എന്ന വാചകം ഉദ്ധരിച്ച വിഡി സതീശൻ മുഖ്യമന്ത്രി ആദരണീയനാണ് , എന്നാൽ ഭരണത്തിൽ നിയന്ത്രണമില്ലെന്ന് തുറന്നടിച്ചു. 

കപ്പലിന്‍റെ കപ്പിത്താൻ മുഖ്യമന്ത്രിയാണ്. പക്ഷെ കപ്പൽ ആടി ഉലയുകയാണ്. കപ്പിത്താന്‍റെ  ക്യാബിനിൽ ആണ് പ്രശ്നം. സ്വര്‍ണക്കള്ളക്കടത്തിൽ അധോലോകം വളര്‍ന്ന് വരുന്നു എന്ന് വളരെ നേരത്തെ പറഞ്ഞിരുന്നു. അപ്പോഴും അറിയില്ലായിരുന്നു അത് ഇങ്ങനെ ഒക്കെ ആകുമെന്ന് . മൂന്നാം കിട കള്ളക്കടത്ത് സംഘത്തിന് പോലും ഉണ്ട് വ്യക്തമായ ബ്ലൂ പ്രിന്‍റ്. സ്വര്‍ണക്കടത്ത് സംഘം ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ആണ് . അമിതാധികാരം ഉള്ള മുഖ്യമന്ത്രിയുടെ ഓഫിസീലെ പ്രബലനെ തന്നെ പിടിച്ചാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തനങ്ങൾ നടത്തിയത്. 

ഐഎഎസുകാര്‍ അടക്കം ഉന്നതരെയാണ് സ്വപ്ന സുരേഷ് വരുതിയിലാക്കിയത്. ഐടി വകുപ്പിന് കീഴിൽ നടന്ന സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാനാകും. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന് പറഞ്ഞ് എല്ലാ അധികാരങ്ങളോടെയും വിലസിയ ആളെ എല്ലാവരും കണ്ടതാണ്.  എൻഫോഴ്സ്മെന്‍റും എൻഐഎയും അടക്കം  കയറി ഇറങ്ങുന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഏതൊക്കെ ഫലാണ് അവര്‍ ചോദിക്കുന്നത്. ആരെയൊക്കെയാണ് ചോദ്യം ചെയ്യുന്നത്. 

ഇത്രയൊക്കെയായിട്ടും ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി പറയുകയാണ്. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ എന്ത് അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഭരിച്ചിരുന്നത്. എല്ലാം ശിവശങ്കറിന്‍റെ തലയിൽ കെട്ടിവച്ചാൽ ഉത്തരവാദിത്തം തീരുമോ എന്നും വിഡി സതീശൻ ചോദിച്ചു. മന്ത്രിമാരെല്ലാം ഒരേ സ്വരത്തിൽ ഇപ്പോൾ ശിവശങ്കര്‍ ദുഷ്ടനാണെന്നും ചതിയനാണെന്നും പറഞ്ഞ് നടക്കുന്നത് പരിഹാസ്യമാണെന്നും വിഡി സതീശൻ പറഞ്ഞു. 

ലൈഫ് മിഷനിലും വലിയ തട്ടിപ്പാണ് നടന്നത്. 20 കോടി രൂപ കേരളത്തിൽ കൊണ്ട് വന്നിട്ട് അത് എവിടെ പോയെന്ന് മുഖ്യമന്ത്രിക്ക് അറിയാമോ ? ധാരണാപത്രം ഒപ്പിട്ട ശേഷം തുടർ കരാറിൽ ഏർപ്പെട്ടില്ല. നാലര കോടി കൈക്കൂലി അറിയാം എന്ന് ധനമന്ത്രി സമ്മതിച്ചു. എന്നാൽ അത് മാത്രമല്ല കൈക്കൂലിയായി പോയിട്ടുള്ളത്. ചുരുങ്ങിയത് മറ്റൊരു അഞ്ച് കോടി രൂപ കൂടി പോയിട്ടുണ്ട്. അത് ആരുടെ കയ്യിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബെവ്കോ ആപ്പ് നിര്‍മ്മാണം ഏൽപ്പിച്ച ആൾക്ക് അഞ്ച് കോടിയുമായി ബന്ധമുണ്ടോ എന്ന് പറയണമെന്നും വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷൻ അല്ല കൈക്കൂലി മിഷൻ ആയി. ഇരുപത് കോടി രൂപയിൽ ഒമ്പതേകാൽ കോടിയാണ് കൈക്കൂലി നൽകിയത്. 

കെടി ജലീലും ഹോണറബിൾ മാൻ ആണ് ആരണീയനാണ്.  വിദേശ നിയമങ്ങളെ എല്ലാം ബൂര്‍ഷ്വാ നിയമങ്ങളെന്ന് പറഞ്ഞ് തള്ളിക്കളയുന്ന ആളാണ് കെടി ജലീലെന്ന് വിഡി സതീശൻ പരിഹസിച്ചു.  കോൺസുലേറ്റുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ബന്ധം ഉണ്ടാക്കിയ മന്ത്രിയാണ് കെടി ജലീൽ. സക്കാത്താണ് നൽകിയതെങ്കിൽ അത് കയ്യിൽ നിന്നെടുത്താണ് കൊടുക്കേണ്ടത്. തട്ടിപ്പ് കയ്യോടെ പിടികൂടിയപ്പോൾ ആരോപണം മറക്കാൻ വിശുദ്ധ ഗ്രന്ധത്തെ മറയാക്കി. പിന്നെ അതാരും തൊടില്ലെന്നാണ് മന്ത്രി കരുതുന്നതെന്നും വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടാനുള്ള അഞ്ച് ലക്ഷം രൂപക്ക് വേണ്ടി  കള്ളക്കടത്ത് കേസിലെ പ്രതിയെ മന്ത്രി ഫോണിൽ വിളിക്കുകായാണ്. എന്തിനാണ് പേഴ്സണൽ സ്റ്റാഫെന്നും വിഡി സതീശൻ ചോദിച്ചു.

കേരളത്തിൽ നടക്കുന്നത് കണസൾട്ടൻസി രാജാണെന്നതിന് അവസാനത്തെ ഉദാഹരണമാണ് തിരുവന്തപുരം വിമാനത്താവള വിവാദമെന്നും വിഡി സതീശൻ പറഞ്ഞു. വിമാനത്താവളത്തിന്റെ ടെന്റര്‍ തുക അദാനി ഗ്രൂപ്പിന് ചോര്‍ത്തിക്കൊടുത്തു. അദാനിയുടെ ബന്ധുവിനെ തന്നെ കൺസൾട്ടന്റ് ആക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കേരളത്തിൽ നടക്കുന്നത് കണസൾട്ടൻസി രാജാണ്. കൺസൾട്ടൻസികളെ കുറിച്ച് ധവള പത്രം ഇറക്കാൻ സര്‍ക്കാര്‍ തയ്യാറാകുമോ ?  എല്ലാം അറിയുന്ന ധനമന്ത്രി മൗനമായി ഇരിക്കുന്നു. എല്ലാമറിയാമെങ്കിലും ഒന്നും പറയാനാകില്ല. കാരണം മന്ത്രിസഭയുടെ ഫുട് ബോഡിലാണ് ഐസകിന്‍റെ സ്ഥാനം. കടം തീര്‍ക്കൽ മാത്രമാണ് ധനമന്ത്രിയുടെ ഇപ്പോഴത്തെ പണിയെന്നും വിഡി സതീശൻ ആരോപിച്ചു.

അപശകുനങ്ങളെ കുറിച്ചും കെട്ടകാലത്തെ കുറിച്ചും ജൂലിയസ് സീസറിൽ പറയുന്ന വരികൾ ഉദ്ധരിച്ചാണ് വിഡി സതീശൻ പ്രസംഗം അവസാനിപ്പിച്ചത്. ഈ ഭരണകാലത്ത് കമ്മീഷൻ ഏജന്‍റുകളും അവതാരങ്ങളും ഇടനിലക്കാരും  മൂന്നാമൻമാരും എല്ലാരും സെക്രട്ടേറിയറ്റിലും അധികാര ഇടനാഴികളിലും അല‍ഞ്ഞ് നടക്കുകയാണ്. എന്നിട്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക്  നേരെ ശകാര വര്ഷം നടത്തുന്നുകയാണ് മുഖ്യമന്ത്രി . 51 വെട്ടു വെട്ടി ജനാധിപത്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും കശാപ്പുചെയ്യുകയാണ് സര്‍ക്കാരെന്നും വിഡി സതീശൻ പ്രമേയത്തിൽ ആഞ്ഞടിച്ചു. 

 

Follow Us:
Download App:
  • android
  • ios