ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് ഫോർമുല പുതുക്കി നിശ്ചയിച്ച സർക്കാരിന് എതിരെ ഇന്നലെ കൈകോർത്തെ കോൺഗ്രസും ലീഗും ഇന്ന് നേർക്കുനേർ പോരിനിറങ്ങിയിരിക്കുകയാണ്. 

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുസ്ലീം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്ന ഒരാനുകൂല്യവും നഷ്ടമായിട്ടില്ലെന്ന പ്രസ്താവനയില്‍ ലീഗ് കടുപ്പിച്ചതോടെ തിരുത്തുമായി സതീശന്‍ രംഗത്തെത്തി. മുസ്ലീം സമുദായത്തിന് മാത്രമായുള്ള ഒരു പദ്ധതി നഷ്ടമായെന്നും തന്‍റെ അഭിപ്രായം മനസിലാക്കാതെയാണ് ലീഗ് പ്രതികരിച്ചതെന്നും സതീശന്‍ പറഞ്ഞു. 

ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് ഫോർമുല പുതുക്കി നിശ്ചയിച്ച സർക്കാരിന് എതിരെ ഇന്നലെ കൈകോർത്തെ കോൺഗ്രസും ലീഗും ഇന്ന് നേർക്കുനേർ പോരിനിറങ്ങിയിരിക്കുകയാണ്. സച്ചാർ-പാലൊളി കമ്മീഷൻ റിപ്പോർട്ടുകൾ പൂർണ്ണമായും ഇല്ലാതായെന്ന ലീഗിന്‍റെ പരാതി അതേ പടി ഏറ്റടുത്തായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ഇന്നലത്തെ പ്രതികരണം.

എന്നാൽ മുസ്ലീം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം നഷ്ടമാകുമെന്ന നിലയിൽ താൻ പറഞ്ഞുവെന്ന മാധ്യമവാർത്തകൾ തള്ളിയുള്ള സതീശന്‍റെ ഇന്നത്തെ പ്രസ്താവന ലീഗ് നിലപാടിന് കടക വിരുദ്ധമായിരുന്നു. സിപിഎമ്മിന്‍റെ സമാന നിലപാട് പ്രതിപക്ഷനേതാവ് സ്വീകരിച്ചതോടെ മുസ്ലീം ലീഗ് വലിയ എതിർപ്പാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ ലീഗ് പരസ്യമായി പ്രതിപക്ഷനേതാവിനോട് തിരുത്താൻ ആവശ്യപ്പെട്ടു.