കോൺഗ്രസ് കാലങ്ങളായി തുടരുന്ന സമീപനത്തിന്‍റെ ഭാഗമാണിതും. കേരളത്തിൽ വർഗ്ഗീയ സംഘടനകളോടുള്ള കോൺഗ്രസിന്‍റെ മൃദു സമീപനം കെ സുധാകരൻ ചുമതലയേറ്റതോടെ കൂടിയെന്നും പി ജയരാജൻ ദില്ലിയിൽ പറഞ്ഞു.

ദില്ലി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (Opposition Leader V D Satheesan) ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ അതിശയമില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. കോൺഗ്രസ് കാലങ്ങളായി തുടരുന്ന സമീപനത്തിന്‍റെ ഭാഗമാണിതും. കേരളത്തിൽ വർഗ്ഗീയ സംഘടനകളോടുള്ള കോൺഗ്രസിന്‍റെ മൃദു സമീപനം കെ സുധാകരൻ ചുമതലയേറ്റതോടെ കൂടിയെന്നും പി ജയരാജൻ ദില്ലിയിൽ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘപരിവാറും തമ്മിലുള്ള പോര് മുറുകുകയാണ്.

സതീശനെതിരെ ആരോപണവുമായി ഹിന്ദു ഹൈക്യവേദി നേതാവ് ആര്‍ വി ബാബു വീണ്ടും രംഗത്തെത്തി. വിഡി സതീശൻ ആര്‍എസ്എസി നോട് വോട്ട് ചോദിച്ചുവെന്നാണ് ആരോപണം. 2001ലും 2006 ലും സതീശൻ ആർഎസ്എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നുവെന്ന് ആര്‍ വി ബാബു പറഞ്ഞു. പറവൂരിലെ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് സതീശൻ കള്ളം പറയുന്നു. സതീശൻ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നു.

തന്‍റെ മോശം പശ്ചാത്തലം എന്താണെന്നു സതീശൻ പറയണമെന്ന് ആര്‍വി ബാബു ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്‍റെ നല്ല പശ്ചാത്തലം ആയതു കൊണ്ടാണോ സതീശൻ മറുപടി പറയുന്നത്. സരിതയുടെ പശ്ചാത്തലം മനസിലാക്കിയാണോ സതീശൻ പ്രതികരിച്ചത്- ആര്‍ വി ബാബു ചോദിക്കുന്നു. സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം കളവാണെങ്കിൽ നിയമ നടപടി സ്വീകരിക്കൂവെന്ന് ആർ വി ബാബു വെല്ലുവിളിച്ചു.

സതീശൻ ആദർശത്തിന്‍റെ പൊയ്മുഖം അണിയുകയാണ്. പറവൂരിലെ ആര്‍എസ്എസ് പരിപാടിയിൽ ക്ഷണിച്ചിട്ടാണ് സതീശൻ വന്നത്. ഒരു ഫ്യൂഡൽ മാടമ്പിയെ പോലെ അദ്ദേഹം സംവാദങ്ങളിൽ നിന്ന് പിന്മാറുന്നു. സതീശന്‍റെ സ്ഥാപിത താല്പര്യങ്ങളെ എതിർത്തു തുടങ്ങിയപ്പോൾ സംഘ പരിവാർ ശത്രുക്കളായെന്നും ആര്‍ വി ബാബു കുറ്റപ്പെടുത്തി. ചെറുപ്പം മുതൽ ആര്‍എസ്എസിനോട് പടവെട്ടിയാണ് വളർന്നതെന്ന സതീശന്‍റെ പ്രസ്താവന പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഗോൾവാൾക്കർക്കെതിരായ പ്രസ്താവന; വി ഡി സതീശന് കോടതിയുടെ നോട്ടീസ്

ആര്‍എസ്എസ് ആചാര്യന്‍ എം എസ് ഗോൾവാൾക്കർക്കെതിരെ പ്രസ്താവന നടത്തിയതിന് വി ഡി സതീശന് കോടതി നോട്ടീസ്. കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് നോട്ടീസ്. അടുത്ത മാസം 12 ന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. ആർ എസ് എസിന്റെ പ്രാന്ത സംഘ ചാലക് കെ.കെ. ബാലറാമാണ് കേസ് ഫയൽ ചെയ്തത്. 

ആര്‍എസ്എസ് ആചാര്യനായ ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാര എന്ന പുസ്‍തകത്തില്‍ ഭരണഘടന സംബന്ധിച്ച് സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഇത് ഏറ്റുപിടിച്ച് ആര്‍എസ്എസ് വി ഡി സതീശന് നോട്ടീസ് അയച്ചിരുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ വിചാരധാരയിൽ എവിടെയാണെന്ന് അറിയിക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ആര്‍എസ്എസ് അയച്ച നോട്ടീസിലുള്ളത്. 

Read Also: 'മാപ്പ് പറയുമെന്ന് സ്വപ്നം കാണണ്ട'; വിഡി സതീശൻ സവർക്കറുടെ പിൻഗാമിയല്ലെന്ന് ടി സിദ്ദിഖ്

ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോടതി വഴി ആര്‍എസ്എസ് സതീശനെതിരെ നീങ്ങിയിരിക്കുന്നത്. 

'ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു', പഴയത് കുത്തിപ്പെക്കാമെന്ന് ടി സിദ്ദിഖ്; മറുപടിയുമായി കെ കെ ശൈലജ