Asianet News MalayalamAsianet News Malayalam

periya murder : കൊലയാളികളെ രക്ഷിക്കാന്‍ കോടികള്‍ മുടക്കി; പെരിയയിൽ സിപിഎമ്മിന്‍റെ പങ്ക് വ്യക്തം: വി ഡി സതീശൻ

സംസ്ഥാന സർക്കാർ കൊലയാളികളെ സംരക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്ന് മുടക്കിയത് പാർട്ടി നേതാക്കൾ പ്രതിയാകുമെന്ന് ഭയന്നാണെന്നും സതീശന്‍ പറഞ്ഞു. 

V D Satheesan respond to periya murder follow up
Author
Trivandrum, First Published Dec 2, 2021, 3:12 PM IST

കാസര്‍കോട്: പെരിയ രാഷ്ട്രീയ കൊലപാതകത്തിൽ (periya murder) പങ്കില്ലന്ന സിപിഎമ്മിന്‍റെ ഒരു കെട്ടുകഥ കൂടി പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുപ്രസിദ്ധ തീവവാദ സംഘടനകളെ പോലെ ക്രൂരമായി കൊലനടത്തുന്ന സംഘടനയാണ് സിപിഎം. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമായി. എത്രകോടി രൂപയാണ് കേസിന് വേണ്ടി ഖജനാവിൽ നിന്ന് ചിലവ് ചെയ്തത്. പാർട്ടി പറഞ്ഞാൽ കൊലപാതകം നടത്തിയാൽ സംരക്ഷണം നൽകുമെന്ന സന്ദേശമാണ് സിപിഎം നൽകുന്നത്. സംസ്ഥാന സർക്കാർ കൊലയാളികളെ സംരക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്ന് മുടക്കിയത് പാർട്ടി നേതാക്കൾ പ്രതിയാകുമെന്ന് ഭയന്നാണെന്നും സതീശന്‍ പറഞ്ഞു. 

കൊലപാതകത്തിന് ശേഷം പങ്കില്ലെന്നുള്ള സ്ഥിരം പല്ലവി സിപിഎം അവസാനിപ്പിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പെരിയ കേസിലെ 24 പ്രതികളും സിപിഎം പദവികൾ വഹിക്കുന്നവരാണെന്ന് വ്യക്തമായി കഴിഞ്ഞു. കണ്ണൂരിൽ നിരവധി കൊലക്കേസുകളിൽ പ്രതിയായ നേതാവാണ് ഗൂഡാലോചനക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ സിബിഐക്ക് കൈമാറിയിട്ടുണ്ട്. കേസിനായി ചിലവാക്കിയ രണ്ട് കോടി രൂപ പൊതുഖജനാവിൽ തിരിച്ചടച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ  പറഞ്ഞു

ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പ്രതികളെ രക്ഷിക്കാനായി ശ്രമിച്ച വ്യക്തിയാണെന്ന് കൊല്ലപ്പെട്ട ശരത്ത് ലാലിന്‍റെ അച്ഛന്‍ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണ്ടന്ന് പറഞ്ഞ് വണ്ടിയില്‍ നിന്നിറക്കി കൂട്ടിക്കൊണ്ടുപോയ വ്യക്തിയാണ് കുഞ്ഞിരാമന്‍. പ്രതികളുടെ വീട്ടില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത് കുഞ്ഞിരാമന്‍റെ നേതൃത്വത്തിലാണ്. ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ചുപേരും ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രത്തിലെ സാക്ഷികളാണെന്നും ശരത്ത്  ലാലിന്‍റെ അച്ഛന്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios