ഗോള്‍വാള്‍ക്കറിന്‍റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന കാര്യം തന്നെയാണ് മുന്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. 

തിരുവനന്തപുരം: ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഗോള്‍വാള്‍ക്കറിന്‍റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന കാര്യം തന്നെയാണ് മുന്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. 

ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ വി ഡി സതീശന് ആര്‍എസ്എസ് നോട്ടീസ് അയച്ചിരുന്നു. മുന്‍ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്‍റെ പുസ്‍തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് എതിരെയാണ് നോട്ടീസ് അയച്ചത്. ഗോള്‍വാള്‍ക്കറിന്‍റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന.

എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്നാണ് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നത്. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് നല്‍കിയ നോട്ടീസിലുള്ളത്. 

ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് ആലോചിക്കണം; സതീശനോട് മുരളീധരൻ

ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആലോചിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. നാല് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് സതീശന്‍റെ പ്രസ്താവന. സതീശൻ വിചാരധാര വായിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത് എന്നും മുരളീധരൻ പ്രതികരിച്ചു. മുമ്പ് മുഖ്യമന്ത്രിയായിരുന്നു ആർഎസ്എസിനെ ഇത്തരത്തിൽ വിമർശിച്ചത്. അവർ ഒറ്റയ്ക്ക് വോട്ട് കൊണ്ടുപോകേണ്ട എന്ന് കരുതിയാകും സതീശന്റെ നിലപാടെന്നും മുരളീധരന്‍ പരിഹസിച്ചു.