Asianet News MalayalamAsianet News Malayalam

'കേരളം ഭരിക്കുന്നത് എന്‍ഡിഎ - എല്‍ഡിഎഫ് സഖ്യകക്ഷി സര്‍ക്കാർ'; മോദിയോട് പിണറായിക്ക് വിധേയത്വമെന്ന് സതീശൻ

ബിജെപി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എല്‍ഡിഎഫോ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ തയാറാകാത്തതും വിചിത്രമാണ്.

v d satheesan says Pinarayi vijayan has loyalty to pm Modi btb
Author
First Published Sep 26, 2023, 6:25 PM IST

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് എന്‍ഡിഎ - എല്‍ഡിഎഫ് സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തയാറാകണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതായി ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയന്‍ മന്ത്രിസഭയില്‍ ജെഡിഎസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്.

ബിജെപി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എല്‍ഡിഎഫോ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ തയാറാകാത്തതും വിചിത്രമാണ്. ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച 'ഇന്ത്യ' എന്ന വിശാല പ്ലാറ്റ്ഫോമില്‍ പാര്‍ട്ടി പ്രതിനിധി വേണ്ടെന്ന് സിപിഎം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവലിനും സ്വര്‍ണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉള്‍പ്പെടെയുള്ള അഴിമതികളിലെ ഒത്തുതീര്‍പ്പും മോദിയോടുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്ര നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ട് വേണം സിപിഎം നേതാക്കള്‍ സംഘപരിവാര്‍ വിരുദ്ധത സംസാരിക്കാന്‍. ഇതിനുള്ള ആര്‍ജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും ഉണ്ടോയെന്നു മാത്രമെ ഇനി അറിയേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അതേസമയം, ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാതെ പിണറായി സര്‍ക്കാര്‍ ജനസദസ്സ് എന്ന തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ തയ്യാറെടുക്കുന്നതിലൂടെ സിപിഎമ്മിന്റെ ഫാസിസ്റ്റ് - സംഘപരിവാര്‍ അനൂകുല മനസ്സ് പ്രകടമായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പറഞ്ഞു.

ബിജെപി വിരുദ്ധത സിപിഎമ്മിന് എന്നും അധരവ്യായാമം മാത്രമാണ്. സംഘപരിവാര്‍ വിരോധത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍, ബിജെപി പാളയത്തിലെത്തിയ ജെഡിഎസിനെ ഉടനെ മന്ത്രിസഭയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പുറത്താക്കുകയോ ബിജെപി ബന്ധം ഉപേക്ഷിച്ച് വരുന്നതുവരെ മാറിനില്‍ക്കാനോ ആവശ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'സർക്കാർ ജീവനക്കാരെ ആരും പുകഴ്ത്തി പറയുന്നില്ല, ഇത് മാറ്റാനാവണം'; ഔദാര്യമല്ല ചെയ്യുന്നതെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios