കൊച്ചി: കള്ളപ്പണക്കേസില്‍ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

കേസ് പിൻവലിക്കാൻ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ഗിരീഷ് ബാബു നല്‍കിയ പരാതിയിലുള്ളത്. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച കള്ളപ്പണം ആണിതെന്നാണ് ആരോപണം. 

ഗിരീഷ് ബാബുവിന്‍റെ പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്‍റ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു . ഈ കേസിൽ നിന്ന് പിന്മാറാൻ ഇബ്രാഹിം കുഞ്ഞ് അഞ്ചുലക്ഷം വാഗ്ദാനം ചെയ്‌തെന്നാണ് ഗിരീഷ് ബാബുവിന്‍റെ ആരോപണം. ഇബ്രഹിം കുഞ്ഞിന്‍റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കേസ് പിൻവലിക്കാൻ കഴിയില്ലെങ്കിൽ എറണാകുളത്തെ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നൽകിയതെന്ന് കത്ത് നൽകാനും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടതായി ഗിരീഷ്ബാബു പറയുന്നു.