Asianet News MalayalamAsianet News Malayalam

ചന്ദ്രിക പത്രത്തിന് നൽകിയ നാലര കോടി കിട്ടിയതെവിടെ നിന്നെന്ന് കോടതി, ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം തുടരും

ചന്ദ്രിക ദിനപത്രത്തിന് നൽകിയ നാലര കോടി രൂപയുടെ സാമ്പത്തിക ഉറവിടം എവിടെ നിന്നാണെന്ന് ചോദിച്ച കോടതി ഈ വലിയ തുകയെ കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് പറയുന്നുണ്ടെന്നും വ്യക്തമാക്കി

v. k. ibrahim kunju bail application in court
Author
Kochi, First Published Nov 19, 2020, 12:00 PM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുസ്ലിംലീഗ് മുൻമന്ത്രി വികെ ഇബ്രാംഹിംകുഞ്ഞിന്‍റെ  ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വീണ്ടും വാദം തുടരും. 

പാലം നിർമ്മാണത്തിന് അനുമതി നൽകിയത് കൊണ്ട് മാത്രം പ്രതി ചേർത്തതാണെന്നും കൈകൂലി വാങ്ങിയിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ വാദിച്ചു. മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയായിരുന്നില്ലെന്നും ഉദ്യോഗസ്ഥരാണ് അനുമതി നൽകിയതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 

എന്നാൽ കരാർ അനുവദിക്കുന്നതിന് മുമ്പ് ഇബ്രാഹിം കുഞ്ഞ് പരിശോധിക്കേണ്ടതായിരുന്നില്ലേ എന്ന് കോടതി ആരാഞ്ഞു. ചന്ദ്രിക ദിനപത്രത്തിന് നൽകിയ നാലര കോടി രൂപയുടെ സാമ്പത്തിക ഉറവിടം എവിടെ നിന്നാണെന്ന് ചോദിച്ച കോടതി ഈ വലിയ തുകയെ കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് പറയുന്നുണ്ടെന്നും വ്യക്തമാക്കി. 

ഇബ്രാഹിം കുഞ്ഞ് റോഡ് ഫണ്ട് ബോർഡ് വൈസ് ചെയർമാനുമായിരുന്നുവെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. റോഡ് ഫണ്ട് ബോർഡിൽനിന്നാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് പണം അനുവദിച്ചത്. ഫണ്ടിങ് ഏജൻസിയായ റോഡ് ഫണ്ട് ബോർഡിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മന്ത്രിക്ക് ഒഴിയാനാകില്ലെന്നും വിജിലൻ കോടതിയിൽ വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞായിരുന്നു മുസ്ലിം പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടർ. ചന്ദ്രികയുടെ അച്ചടി കേന്ദ്രമായ മുസ്ലിം പബ്ലിഷിംഗ് ഹൗസിന് നാലരക്കോടി രൂപ നൽകിയെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. 

ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കുവാൻ കോടതി വിജിലൻസിന് നിർദ്ദേശം നൽകി. ബോർഡ് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കും. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ബോർഡിൽ അംഗമായിരിക്കണം. ബോർഡ് രൂപീകരിക്കുന്നതിൽ കോടതി നാളെ വാദം കേൾക്കും.

 

 

Follow Us:
Download App:
  • android
  • ios