തിരുവനന്തപുരം: ഒരു വീടിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് വെട്ടിലായിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. ലൈഫ് പദ്ധതിയിലെ വീട് എന്ന പേരിലായിരുന്നു പോസ്റ്റ്. സ്വന്തം പണം കൊണ്ടാണ് വീട് കെട്ടിയതെന്ന് ഉടമ തന്നെ പോസ്റ്റിന് കമന്‍റിട്ടതോടെയാണ് വിവാദം തുടങ്ങിയത്.

പക്ഷേ കൊട്ടിക്കയറി വന്ന വിവാദത്തിന്‍റെ ക്ലൈമാക്സ് ഒരു ട്വിസ്റ്റിലാണ് അവസാനിച്ചത്. പഴയ വീടും പുതിയ വീടും ചേർത്തുളള ചിത്രം ലൈഫ് പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് വി കെ പ്രശാന്ത് ഫേസ്ബുക്കിലിട്ടത്. എന്നാൽ വീടിന്റെ ക്രെഡിറ്റ് ലൈഫിനല്ല എന്ന് ചൂണ്ടിക്കാട്ടി ഉടമസ്ഥനായ എറണാകുളം ഇലഞ്ഞി സ്വദേശിയായ ജെമിച്ചൻ ജോസ് പോസ്റ്റിന് താഴെ കമന്റിട്ടു.

അതോടെ പോസ്റ്റും കമന്റുമെല്ലാം എതിരാളികളും ട്രോളൻമാരും ഏറ്റെടുത്തു. 'എംഎൽഎ ബ്രോ' അനവാശ്യ അവകാശ വാദം ഉന്നയിക്കുന്നുവെന്നായിരുന്നു പ്രധാന വിമർശനം. അതോടെ എംഎൽഎ പോസ്റ്റ് നീക്കി. മറ്റൊരു പേജിൽ വന്ന വാർത്ത സത്യമെന്ന് കരുതി ഷെയർ ചെയ്യുകയായിരുന്നുവെന്നും തെറ്റാണെന്ന് കണ്ടപ്പോൾ ഒഴിവാക്കിയെന്നുമാണ് എംഎൽഎയുടെ വിശദീകരണം. സാമൂഹിക മാധ്യമങ്ങളിൽ ഇങ്ങനെ വിവാദം കൊഴുക്കുന്നതിനിടെയാണ് ഉടമയുടെ പ്രതികരണത്തിന്റെ രൂപത്തിൽ ട്വിസ്റ്റ് എത്തിയത്.

പല ഗ്രൂപ്പുകളിലായി വീടിന്റെ പടം പ്രചരിക്കുന്നതിന്റെ ദേഷ്യത്തിലാണ് അത്തരമൊരു കമന്റിട്ടതെന്നും വീട്ടുടമ വ്യക്തമാക്കി. എന്നാൽ വിശദീകരണം കൊണ്ടൊന്നും ഒരു കാര്യവുമില്ല. വീട്ടുടമ ആദ്യം പറ‍ഞ്ഞതും മാറ്റിപ്പറഞ്ഞതുമൊക്കെ രാഷ്ട്രീയപ്രേരിതമാണോ അല്ലയോ എന്ന് കണ്ടുപിടിച്ചേ അടങ്ങൂ എന്നുറപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ച തുടരുകയാണ്.