ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി പാർട്ടി താൽപ്പര്യത്തിന് മുൻതൂക്കം ലഭിച്ചെന്നും ​ഗുണപരമായ സമൂല മാറ്റത്തിന് ഇത് തുടക്കമാകട്ടെയെന്നും സുധീരന്‍ പറഞ്ഞു.  

തിരുവനന്തപുരം: പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനെ അഭിനന്ദിച്ച് വി എം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി പാർട്ടി താൽപ്പര്യത്തിന് മുൻതൂക്കം ലഭിച്ചെന്നും ​ഗുണപരമായ സമൂല മാറ്റത്തിന് ഇത് തുടക്കമാകട്ടെയെന്നും സുധീരന്‍ പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനായിരിക്കും ഇനി പ്രതിപക്ഷത്തെ നയിക്കുക. ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം സംസ്ഥാനഘടകത്തെ അറിയിച്ചത്. 

സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി ഡി സതീശനെ നിയമിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ്. ഭരണത്തുടർച്ചയുമായി രാഷ്ട്രീയ വിജയത്തിന്‍റെ അത്യുന്നതിയിൽ നിൽക്കുന്ന പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാർട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കലും പുതിയ പ്രതിപക്ഷ നേതാവിന് മുന്നിലെ വെല്ലുവിളിയാണ്.

മൂര്‍ച്ചയുളള നാവും തേച്ചു മിനുക്കിയ ചിന്തയുമാണ് സമകാലികരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വി ഡി സതീശനെ എന്നും വേറിട്ടു നിര്‍ത്തിയത്. സംസ്ഥാനമെമ്പാടും ഓടിനടന്ന് പ്രസംഗ മല്‍സരങ്ങളിലും ഡിബേറ്റുകളിലുമെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയൊരു വിദ്യാര്‍ഥി ജീവിതകാലത്തിന്‍റെ തുടര്‍ച്ചയാണ് കൊച്ചി നെട്ടൂര്‍ സ്വദേശിയായ ഈ നേതാവിന്‍റെ രാഷ്ട്രീയ ജീവിതം.