തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ സിപിഎം വേവലാതിപ്പെടേണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അവസാന കണ്ണിയെ വരെ പിടിക്കും. ലൈഫ് മിഷൻ കേസിൽ സർക്കാർ വാദത്തിൽ കഴമ്പില്ലാത്തത് കൊണ്ടാണ് സിബിഐ അന്വേഷണത്തിന് കോടതി സ്റ്റേ നൽകാത്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ വി മുരളീധരൻ ഇടപെട്ടുവെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. നയതന്ത്ര ബാഗേജ് വഴിയല്ല കടത്ത് നടന്നതെന്ന നിലപാടായിരുന്നു മുരളീധരന്റേത്. അതേസമയം സ്വർണ്ണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴി തന്നെയാണെന്ന് എൻഐഎ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ലൈഫ് മിഷന്‍ സിഇഒയുടെ ഹര്‍ജിയിൽ സിബിഐ അന്വേഷണം റദ്ദാക്കാനോ ഇടക്കാല ഉത്തരവ് നല്‍കാനോ ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച്‌ തയ്യാറായിരുന്നില്ല. അതേസമയം വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോൾ അതിന് തടയിടാൻ സർക്കാർ ഓർഡിനൻസിന് നീക്കം നടത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ആരോപണം തള്ളിയ മുഖ്യമന്ത്രി അത്തരം യാതൊരു നീക്കവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റിലും ധാരണയായിരുന്നു.